
കോൺഗ്രസിനെ മാറ്റി നിർത്തി ആർക്കും ദേശീയ രാഷ്ട്രീയത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് ഇല്ലാതെ ബി.ജെ.പിയ പ്രതിരോധിക്കൽ സാധ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അവരില്ലെങ്കിൽ ഞങ്ങളില്ല എന്നൊക്കെയുള്ള നിലപാട് ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോഴും പല സംസ്ഥാനങ്ങളിലും ഭരിക്കുന്നത് കോൺഗ്രസാണ്. പല പാർട്ടികൾക്കും വ്യത്യസ്ത സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ട്. സി.പി.ഐ.എമ്മിന് കേരളത്തിലാണ് സ്വാധീനം. കേരളം മാത്രം വിചാരിച്ചാൽ ഇന്ത്യ ഭരിക്കാൻ പറ്റുമോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ബംഗാളിൽ സി.പി.ഐ.എം കോൺഗ്രസിനെ കൂട്ടിയാണ് മുന്നോട്ട് പോകുന്നത്. തമിഴ്നാട്ടിൽ കോൺഗ്രസുമായും ലീഗുമായും സഹകരിച്ചാണ് സി.പി.ഐ.എം പ്രവർത്തിക്കുന്നത്. ഇതൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്നും, വരമ്പത്ത് കയറി അഭിപ്രായം പറയുന്നത് യാഥാർത്ഥ്യമാകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഇത്തരം അഭിപ്രായമൊക്കെ ഫീൽഡിൽ ഇറങ്ങുമ്പോൾ മാറുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീഗ് തക്ക സമയത്ത് അതിൻ്റെ റോൾ നിർവഹിക്കുന്നുണ്ട്. പാർലമെന്റിൽ ലീഗ് എം.പിമാർക്ക് ഊൺ കഴിക്കാൻ പോലും സമയമില്ല. ചിലപ്പൊ ഊൺ കഴിക്കാൻ പോകുമ്പോഴായിരിക്കും ഏക സിവിൽകോഡിൻ്റെ ബിൽ അവതരിപ്പിക്കുക. അപ്പം ചുട്ട് എടുക്കുന്നത് പോലെ ബിൽ പാസാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
