വനിതാ ഡോക്ടര്‍ക്ക് അന്ത്യാഞ്ജലി; പ്രതി കുത്തിയത് ഡോക്ടറുടെ നെഞ്ചില്‍ കയറി‌, അക്രമത്തിൽ വീണ വന്ദനയെ പിന്നാലെ വന്ന് കഴുത്തിലും നെഞ്ചിലും മുതുകിലും കുത്തി

  • Post category:Kerala / news / obitury
  • Reading time:2 mins read
You are currently viewing വനിതാ ഡോക്ടര്‍ക്ക് അന്ത്യാഞ്ജലി; പ്രതി കുത്തിയത് ഡോക്ടറുടെ നെഞ്ചില്‍ കയറി‌, അക്രമത്തിൽ വീണ വന്ദനയെ പിന്നാലെ വന്ന് കഴുത്തിലും നെഞ്ചിലും മുതുകിലും കുത്തി

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ അക്രമി ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുത്തിയത് ഡോക്ടറുടെ നെഞ്ചില്‍ കയറി‌യിരുന്നെന്ന് റിപ്പോർട്ടുകൾ. ആദ്യ ആക്രമണത്തിന് പിന്നാലെ ഓടിയ ഡോക്ടര്‍ താഴെ വീഴുകയും തുടര്‍ന്ന് പ്രതി തുരുതുരാ കുത്തുകയും ആയിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴുത്തിലും നെഞ്ചിലും പുറത്തും ഏറ്റ ആഴത്തിലുള്ള ആറു കുത്തുകളാണ് ജീവന് ഭീഷണിയായി മാറിയത്.

കോട്ടയം സ്വദേശിനിയായ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് (23) ആണ് മരിച്ചത്. ഡോ. വന്ദനയെ പ്രതി സന്ദീപ് ആറു തവണ കുത്തിയിരുന്നു. സ്‌പൈനല്‍ കോഡിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടിപിടിക്കേസില്‍ അറസ്റ്റിലായ പ്രതി സന്ദീപിനെ പുലര്‍ച്ചെ നാലു മണിയോടെയാണ് വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ചത്. മുറിയില്‍ പരിശോധന നടക്കുന്നതിനിടെ കത്രികയെടുത്ത് പ്രതി കുത്തുകയായിരുന്നു.

തടയാന്‍ ശ്രമിച്ച എയ്‌ഡ്‌ പോസ്റ്റിലെ ജീവനക്കാരന് നേരെയും ആക്രമണമുണ്ടായി. പുലര്‍ച്ചെ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ച സന്ദീപ് ആദ്യം ശാന്തനായിരുന്നെങ്കിലും പെട്ടെന്ന് അക്രമാസക്തനായി. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന സര്‍ജിക്കല്‍ കത്തി കൈക്കലാക്കിയായിരുന്നു ആക്രമണം. തടയാന്‍ ചെന്ന പൊലീസുകാരെ ആദ്യം കുത്തി. തുടര്‍ന്ന് ഡോക്ടറുടെ മുറിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു.

മാതാപിതാക്കളുടെ ഏക മകളാണ് ഡോ. വന്ദന. ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പാസായ ശേഷം ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു ഡോ.വന്ദന.

നെടുമ്പന യു.പി സ്‌കൂളിലെ അധ്യാപകനാണ് പ്രതിയായ എസ്.സന്ദീപ്. എം‍‍.ഡി.എം.എ അടക്കം ഉപയോഗിക്കുന്നയാളാണ് പ്രതി സന്ദീപെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഇയാള്‍ ഡീഅഡിക്ഷന്‍ സെൻ്റെറില്‍ നിന്ന് ഈ‌യടുത്താണ് പുറത്തിറങ്ങിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മതിയായ സുരക്ഷ പോലും ഒരുക്കാതെ ഇത്രയും അക്രമകാരിയെ ആശുപത്രിയിലെത്തിച്ചത് ഗുരുതര വീഴ്‌ചയാണെന്ന് ഐ.എം.എ ആരോപിച്ചു.

വിലങ്ങ് അണിയിക്കാതെയാണ് പോലീസ് ഇയാളെ ഡോക്ടര്‍ക്ക് മുന്നില്‍ എത്തിച്ചത്. അക്രമണത്തിന് ശേഷമാണ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയത്. ശാരീരികമായി കരുത്തനായ സന്ദീപിനൊപ്പം മൂന്നോ നാലോ പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലും നാട്ടിലും ഇത്രത്തോളം പ്രശ്നമുണ്ടാക്കിയ പ്രതിയെ വളരെ ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നും ആരോപണമുയര്‍ന്നു.

അക്രമം നടന്നതിൻ്റെ തലേന്ന് രാത്രിയില്‍ പോലീസിനെ വിളിച്ചു വരുത്തിയതും പ്രതി തന്നെയായിരുന്നു. കഴിഞ്ഞ ദിവസവും ഇയാള്‍ രാത്രിയില്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുകയും അക്രമാസക്തനാകുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതോടെ ഇയാള്‍ തന്നെ പൂയപ്പള്ളി പോലീസിനെ വിളിച്ചുവരുത്തി. അധ്യാപകനായ സന്ദീപ് മയക്കമരുന്നിന് അടിമയായിരുന്നെന്നാണ് നാട്ടുകാരും പറയുന്നത്. മയക്കുമരുന്ന് ലഹരിയില്‍ ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നം ഉണ്ടാക്കാറുണ്ടായിരുന്നു എന്നും ഇവര്‍ പറയുന്നു.

0Shares