
കാസർകോട്: മസ്‌ജിദിന് മുന്നിൽ ബി.ജെ.പിയുടെ വിജയാഘോഷം എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “ഇത് കാസർകോടാണ്. നിങ്ങളായി, നിങ്ങടെ പാടായി,” എന്ന കുറിപ്പോടെയാണ് പ്രചരണം. ചില ഇടത് പ്രൊഫൈലുകൾ ഇങ്ങനെ, “തൃശൂരിൽ താമര വിരിയിക്കാൻ സഹായിച്ച കോൺഗ്രസുകാർക്ക് സമർപ്പിക്കുന്നു. കാസർകോട് ജുമുഅ മസ്‌ജിദിൻ്റെ മുന്നിൽ നിന്നുള്ള കാഴ്‌ച,” എന്ന പേരിലും ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.
വസ്‌തുതാ അന്വേഷണം
വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്‌തപ്പോൾ, വാർത്ത ഭാരതി എന്ന വെബ്‌സൈറ്റ് ജൂൺ 8, 2024ൽ ഷെയർ ചെയ്‌ത ഈ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് ചേർത്തിട്ടുള്ള ഒരു വാർത്ത കിട്ടി.
ബി.ജെ.പി സ്ഥാനാർഥിയുടെ വിജയ ആഹ്ളാദത്തിനിടയിൽ കരോപാടി ഗ്രാമത്തിലെ മുസ്ലീം പള്ളിക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകർ ‘ജയ് ശ്രീറാം, ജയ് മോദി’ എന്ന് വിളിച്ച് നൃത്തം ചെയ്യുന്ന വീഡിയോ എന്നാണ് കന്നഡയിലുള്ള വിവരണത്തിൻ്റെ മലയാള പരിഭാഷ. മംഗളൂരുവിന് അടുത്തുള്ള ഒരു ഗ്രാമമാണ് കരോപാടി.
ഡൈജി വേൾഡ് എന്ന വെബ്‌സൈറ്റും ജൂൺ 8,2024ൽ ഈ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് ചേർത്ത ഒരു വാർത്ത കൊടുത്തിട്ടുണ്ട്.

“ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയുടെ വിജയം ആഘോഷിക്കുമ്പോൾ ബി.ജെ.പി പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ ‘ജയ് ശ്രീറാം, ജയ് മോദി’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കരോപാടി പള്ളിയുടെ മുന്നിലെ ഈ പ്രവൃത്തി പ്രദേശ വാസികൾക്കിടയിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്,” എന്നാണ് ബൻഡ്വാൾ ഡേറ്റ്ലൈനിൽ ഇംഗ്ലീഷിലുള്ള ആ വാർത്ത പറയുന്നത്.
കെ പി ന്യൂസ് 24X7 എന്ന പ്രാദേശിക ചാനലും അവരുടെ ഫേസ്ബുക്ക് പേജിൽ റീലിൻ്റെ രൂപത്തിൽ ഈ വാർത്ത കൊടുത്തിട്ടുണ്ട്. ബൻഡ്വാളിലെ കരോപാടി മസ്‌ജിദിൻ്റെ മുന്നിൽ ബി.ജെ.പി പ്രവർത്തകരുടെ ആഘോഷം എന്നാണ് വീഡിയോയുടെ ഒപ്പമുള്ള ഇംഗ്ലീഷ് വിവരണം പറയുന്നത്.
ഇതിൽ നിന്നെല്ലാം കാസർകോട് പള്ളിയ്ക്ക് മുന്നിൽ അല്ല, കർണാടകത്തിലെ ബൻഡ്വാളിലെ കരോപാടി മസ്‌ജിദിൻ്റെ മുന്നിലെ ബി.ജെ.പിയുടെ വിജയ ആഘോഷത്തിൻ്റെ ദൃശ്യമാണിതെന്ന് മനസ്സിലായി. ഇങ്ങനെയാണ് ഫാക്‌ട് ചെക്ക് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.
