
നീലേശ്വരം :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി കാസര്‍കോട് ജില്ലാ ഭരണകൂടം ആരംഭിച്ച മാഷ് പദ്ധതിയു ടെ ഭാഗമായി നിയമിക്കപ്പെട്ട നീലേശ്വരം മുനിസിപ്പാലിറ്റിയിലെ നോഡൽ ഓഫിസർമാരായ അധ്യാപകർ നീലേശ്വരം നഗരസഭാപരിധിയിലെ തീരദേശ മേഖലകളിൽ ബോധവൽക്കരണ പ്രവർത്തിനിറങ്ങി. 32 വാർഡുകളിലെ അധ്യാപ കരാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തീരദേശ മേഖലകളിൽ ജനജാഗ്രത ക്യാമ്പയിൻ നടത്തുന്നത്.
സാമൂഹികാകലം പാലിക്കാത്ത ആൾക്കുട്ടവും മാസ്ക്കും ഗ്ലൗസ്സും ധരിക്കാത്തവരും അന്യ പ്രദേശങ്ങളിൽ നിന്ന് കടൽ കാണാനെത്തുന്നവരും , മത്സ്യം വാങ്ങാൻ കൂട്ടത്തോടെ എത്തുന്നവരും മത്സ്യബന്ധത്തിന് കൂട്ടമായി പോകുന്നവരും കടൽത്തീരത്ത് യാതൊരു മാനദണ്ഡം പാലിക്കാതെ കൂട്ടം കൂടി ഇരിക്കുന്നവരും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി നിശ്ചിത ദിവസം നിരീക്ഷണത്തിൽ കഴിയാത്തവരും ഏറെയുള്ള പ്രദേശമായതിനാൽ തന്നെ തീവ്രരോഗബാധ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഈ സ്ഥിതി കണക്കിലെടുത്താണ് നീലേശ്വരം മുനിസിപ്പാലിറ്റിയിലെ മുഴുവൻ 34 മാഷ് അംഗങ്ങളും ഈ തീരദേശഭാഗത്തേക്ക് എത്തിയത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി നീലേശ്വരം മുനിസിപാലിറ്റിയിലെ മാഷ് സംഘം നീലേശ്വരം നഗരത്തിലെ വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറെ സജീവമായി നടത്തിവരികയാണ്. ഇതിനിടയിൽ പല നിയമ ലംഘനങ്ങളും കൊവിഡ് മാനദണ്ഡലംഘനങ്ങളും ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് കോൺവെന്റ് ജങ്ഷനിൽ അനധികൃതമായി നടത്തിവന്ന വഴിയോരക്കച്ചവടം തടയുകയും നാല്പതിൽ കൂടുതൽ വിദ്യാർത്ഥികളെ ക്ലാസ്സിലിരുത്തി കമ്പ്യൂട്ടർ പഠനം നിർബാധം തുടർന്ന സ്ഥാപനത്തിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

നഗരസഭാ പരിധിയിൽ രോഗവ്യാപനസാധ്യതകൾ ഏറെയുള്ള സ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് അധികൃതർക്ക് യഥാസമയം വിവരം കൈമാറാൻ മാഷ് മിഷൻ എന്ന ചാനലും മുനിസിപാലിറ്റിയിലെ മാഷ് ഓഫീസർമാർ ആരംഭിച്ചിട്ടുണ്ട്. കൂടാതെ നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലും ചെറപ്പുറം മിനി സ്റ്റേഡിയത്തിലും കൂട്ടമായി കളികളിൽ ഏർപ്പെടുന്നവരെ കോവിഡ് 19 രോഗവ്യാപനത്തെക്കുറിച്ചും നിരോധനാജ്ഞയെക്കുറിച്ചും ബോധവാൻമാരാക്കി കൂട്ടം കൂടുന്നത് നോഡൽ ഓഫീസർമാർ ഇടപെട്ട് അവസാനിപ്പിച്ചു.
മതിയായ രേഖകളില്ലാതെ കൂട്ടമായി താമസിച്ചിരുന്ന അന്യ സംസ്ഥാനതൊഴിലാളികളെ കുറിച്ച് മുനിസിപ്പാലിറ്റിയെ അറിയിക്കുകയും അവരോട് നിശ്ചിത ദിവസം ക്വാറന്റെെനിൽ കഴിയാനും നിർദ്ദേശിച്ചു. ഇതിനകം നിരവധി തവണ മാഷ് നോഡൽ ഓഫീസർമാർ ടൗണിലെ വിവിധ സർക്കാർ സ്വകാര്യസ്ഥാപനങ്ങളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും നന്ദർശനം നടത്തി.

മാഷ് പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ അധ്യാപികമാരായ മാഷ് നോഡൽ ഓഫീസർമാരും കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു. സെക്ടറൽ മജിസ്ട്രേറ്റുമാർ കൂടി ജോയിൻ ചെയ്യുന്നതോടെ കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്ക് കരുത്തേറും.ഇത്തരം പ്രവർത്തനങ്ങൾക്ക് നീലേശ്വരം മുനിസിപ്പാലിറ്റിയും നീലേശ്വരം പോലീസും നല്ല പിന്തുണയാണ് മാഷ് പ്രവർത്തകർക്ക് നൽകുന്നത്. കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ നന്നായി നടത്തുന്ന സജീവമായൊരു മാഷ് സംഘമാണ് നീലേശ്വരത്ത് പ്രവർത്തിക്കുന്നത്.
