എട്ട് ബിരുദാനന്തര ബിരുദം, ഏഴ് വിഷയങ്ങളില്‍ യുജിസി നെറ്റ് യോഗ്യത; റെക്കോര്‍ഡ് തിളക്കവുമായി അധ്യാപകന്‍

You are currently viewing എട്ട് ബിരുദാനന്തര ബിരുദം, ഏഴ് വിഷയങ്ങളില്‍ യുജിസി നെറ്റ് യോഗ്യത; റെക്കോര്‍ഡ് തിളക്കവുമായി അധ്യാപകന്‍

ഒരു വിദ്യാര്‍ത്ഥിയുടെ വിജയത്തിന് പിന്നില്‍ തീര്‍ച്ചയായും ഒരു അധ്യാപകൻ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടാകും. ഇന്ത്യ എന്ന് പറയുന്നത് അധ്യാപനം എന്ന തൊഴിലിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു രാജ്യം കൂടിയാണ്.

എന്നാല്‍ ഇക്കാലത്ത് തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ ആളുകളും വൻകിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് പിന്നാലെ ജോലിക്കായി നെട്ടോട്ടമാണ്. ഇതിനിടെ മറ്റു ചില ആളുകള്‍ മികച്ച കരിയറിനായി മറ്റ് രാജ്യങ്ങളിലേക്കും ചെക്കേറുന്നു. ഇവര്‍ക്കിടയിലാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു അധ്യാപകൻ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്.

അധ്യാപകനായ ശേഷവും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനവും മാതൃകയുമാവുകയാണ് അമിത് കുമാര്‍ നിരഞ്ജൻ. ഇതിനോടകം തന്നെ എട്ട് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഏഴ് വിഷയങ്ങളില്‍ യു.ജി.സി നെറ്റ് യോഗ്യതയും കരസ്ഥമാക്കിയിട്ടുണ്ട്.

നിലവില്‍ രണ്ടാമത്തെ പി.എച്ച്‌.ഡിക്കായുള്ള ശ്രമത്തിലാണ് അമിത് കുമാര്‍. വിദ്യാര്‍ത്ഥികളാണ് തനിയ്ക്ക് പ്രചോദനമെന്ന് അദ്ദേഹം പറയുന്നു.

”ഒരോ വിഷയത്തെ കുറിച്ചുള്ള അവരുടെ ജിജ്ഞാസയും ചോദ്യങ്ങള്‍ ചോദിക്കുന്നതും എനിക്ക് ഒരിക്കലും അവസാനിക്കാത്ത പ്രചോദനമാണ്” എന്ന് അദ്ദേഹം ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. കൂടാതെ മികച്ച മാര്‍ഗ നിര്‍ദേശത്തിൻ്റെ അഭാവം മൂലം പഠനത്തില്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നം തനിക്ക് മനസ്സിലായെന്നും അമിത് വ്യക്തമാക്കി. ഈ പ്രശ്നം വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കാത്ത വിധത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുകയാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.

അതോടൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ ആകസ്‌മികമായിട്ടല്ല, സ്വന്തം ഇഷ്ടപ്രകാരം തന്നെ അധ്യാപനം എന്ന കരിയര്‍ തിരഞ്ഞെടുക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിലവില്‍ ഏഴ് വിഷയങ്ങളിലാണ് അദ്ദേഹം യു.ജി.സി നെറ്റ് പരീക്ഷ പാസായത്. അമിത് കുമാറിൻ്റെ ഈ മികച്ച വിജയത്തിന് പിന്നില്‍ അശ്രാന്ത പരിശ്രമവും കഠിനാധ്വാനവും തന്നെയാണ്. 2010ല്‍ കൊമേഴ്‌സില്‍ യു.ജി.സി- നെറ്റ്- ജെ.ആര്‍.എഫ് യോഗ്യത നേടിയ അദ്ദേഹം 2011ല്‍ ഇക്കണോമിക്‌സില്‍ യു.ജി.സി നെറ്റ് യോഗ്യത നേടി. ആ യാത്ര അവിടെ അവസാനിച്ചില്ല. തുടര്‍ന്ന് 2012 ഡിസംബറില്‍ മാനേജ്‌മെണ്ടിലും യു.ജി.സി നെറ്റ് യോഗ്യത നേടി. എഡ്യൂക്കേഷനില്‍ 2015 ഡിസംബറില്‍ യു.ജി.സി നെറ്റ് നേട്ടം കൈവരിച്ചു.

ശേഷം 2019 ഡിസംബറില്‍ പൊളിറ്റിക്കല്‍ സയൻസിലും 2020 ജൂണില്‍ സോഷ്യോളജിയിലും നിരഞ്ജൻ നെറ്റ് കരസ്ഥമാക്കി. അതേസമയം കൊമേഴ്‌സ്, ഇക്കണോമിക്‌സ്, എഡ്യൂക്കേഷൻ, സോഷ്യോളജി, പൊളിറ്റിക്കല്‍ സയൻസ്, ഫിലോസഫി, എച്ച്‌.ആര്‍ ആൻഡ് മാര്‍ക്കറ്റിംഗ്, നിയമം തുടങ്ങി എട്ട് വിഷയങ്ങളില്‍ അദ്ദേഹം ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ നിലവില്‍, ഏഴ് വ്യത്യസ്ഥ വിഷയങ്ങളില്‍ യു.ജി.സി നെറ്റിന് യോഗ്യത നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തി കൂടിയാണ് അമിത് കുമാര്‍ നിരഞ്ജൻ . ഇതിനുപുറമേ ബുക്ക് ഓഫ് റെക്കോർഡ്‌സ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്, വേള്‍ഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് ലണ്ടൻ എന്നിവയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.

0Shares