
കൊച്ചി / ഡൽഹി: വാഹന നികുതിയില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിൻ്റെ ഒരു ബസിനെതിരെ കൂടി നടപടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസിന് പിഴ ചുമത്തിക്കൊണ്ട് നോട്ടിസ് അയച്ചു. പിഴ സഹിതം 37000 രൂപയാണ് അടയ്‌ക്കേണ്ടത്.
പിഴ ചുമത്തിയ നടപടിയെ കുറിച്ച് ഇന്‍ഡിഗോ കമ്പനിക്ക് നോട്ടിസ് അയച്ചതായി മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു. ഇന്‍ഡിഗോയുടെ രണ്ട് വാഹനങ്ങള്‍ക്ക് മാത്രമാണ് നികുതി കുടിശികയുള്ളത്. അതില്‍ ഒന്ന് ചൊവ്വാഴ്‌ച കസ്റ്റഡിയില്‍ എടുത്തിരുന്നു.

രണ്ടാമത്തെ ബസ് നിലവില്‍ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാല്‍ മാത്രമേ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയൂവെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ആറുമാസത്തെ നികുതി കുടിശികയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‌ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഒരു ബസ് കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍.ടി.ഒ അധികൃതര്‍ അറിയിച്ചു. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.
അതേസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സിനു എതിരെ പരാതിയുമായി ജീവനക്കാര്‍ രംഗത്ത് വന്നു. വിമാനത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജ്‌മെന്റ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമാന നിര്‍മ്മാതാക്കളായ എയര്‍ബസിന്, ഇന്‍ഡിഗോയിലെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാര്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
വിമാനത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിപാലന നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല എന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ‘കഴിഞ്ഞ നാല് ദിവസമായി ടെക്‌നിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ സമരത്തിലാണ്. ശരിയായ പരിപാലനമില്ലാതെയാണ് ഇപ്പോഴും വിമാന സര്‍വ്വീസ് നടത്തുന്നത്.

നടത്തിപ്പിനായി നിങ്ങള്‍ വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയ കമ്പനി പരിപാലന നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. സമയത്തുള്ള അറ്റകുറ്റപ്പണി പോലും പലപ്പോഴും നടത്തുന്നില്ല. ഇക്കാര്യത്തില്‍ എത്രയും പെട്ടന്ന് ഇടപെടണം. കഴിഞ്ഞ ഏഴ് ദിവസത്തെ അറ്റകുറ്റപ്പണികളുടെ വിവരങ്ങള്‍ തേടണം,’ ജീവനക്കാര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
പരാതിയിലെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അവകാശപ്പെട്ടു. അറ്റകുറ്റപ്പണികളിലും സുരക്ഷയിലും ഉയര്‍ന്ന നിലവാരമാണ് കമ്പനി പുലര്‍ത്തുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
