ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കുക ലക്‌ഷ്യം; വിശാല സഖ്യം രൂപീകരിക്കാന്‍ മമത ബാനർജി

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കുക ലക്‌ഷ്യം; വിശാല സഖ്യം രൂപീകരിക്കാന്‍ മമത ബാനർജി

ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കുകയെന്ന പ്രധാന ലക്ഷ്യവുമായി വിശാല സഖ്യം ഉണ്ടാക്കാനൊരുങ്ങി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റിയ സംസ്ഥാനങ്ങളിലേക്കും സഖ്യ ചര്‍ച്ചകള്‍ വ്യാപിപ്പിക്കാനാണ് മമതയുടെ തീരുമാനം.

ഇതിന്‍റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരുമായി മമത ഉടൻ ചർച്ച നടത്തുമെന്നാണ് വിവരം. വര്‍ഷകാല സമ്മേളനത്തിന് ശേഷം ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ നടത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പ്രാദേശിക തലത്തിലും ബി.ജെ.പിക്കെതിരായി സഖ്യം വേണമെന്ന ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ് മമതയുടെ തുടര്‍ നീക്കങ്ങള്‍.

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് പിന്നാലെ ചർച്ചകൾ സജീവമാക്കുന്ന മമത നവീന്‍ പട്നായിക്കിനേയും ജഗന്‍മോഹന്‍ റെഡ്ഡിയയും സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കനിമൊഴിയുമായി ചര്‍ച്ച നടത്തി ഡി.എം.കെയുടെ പിന്തുണ കൂടി ഉറപ്പിക്കാനും മമത ഇപ്പോൾ ലക്ഷ്യമിടുന്നുണ്ട്.ശരദ് പവാറുമായും മമത ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനടക്കമുള്ള നേതാക്കളെയും കാണാന്‍ മമത പദ്ധതിയിടുന്നുണ്ട്.

അതിനിടെ പെഗാസെസുമായി ബന്ധപ്പെട്ട് മമതയുടെ നീക്കങ്ങളെ പ്രശംസിച്ച് ശിവസേന രംഗത്തെത്തിയത് സഖ്യത്തിനുള്ള പിന്തുണയുടെ സൂചനയായി. ഫോണ്‍ ചോര്‍ത്തലിന് ഇരയായ സ്വന്തം സംസ്ഥാനത്തെ പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മമതയുടേത് ധീരമായ നിലപാടാണെന്നും ഉത്തരവാദിത്തമുള്ള ഭരണാധികാരിയാണ് മമതയെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ എഴുതിരുന്നു.

അതേസമയം രാജ്യതലസ്ഥാനത്തെത്തിയ മമത ബുധനാഴ്ച കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി.മോദി സർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കളുടെ കൂട്ടായ്മ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു മമതയുടെ ഡല്‍ഹി സന്ദര്‍ശനം.സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൂടിക്കാഴ്ച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

0Shares