ഒരു കമ്മ്യുണിസ്റ്റുകാരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; കെ.കെ രമയ്‌ക്കെതിരെ നടത്തിയ പ്രസ്താവന​ പിന്‍വലിച്ച്‌ എം.എം മണി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഒരു കമ്മ്യുണിസ്റ്റുകാരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; കെ.കെ രമയ്‌ക്കെതിരെ നടത്തിയ പ്രസ്താവന​ പിന്‍വലിച്ച്‌ എം.എം മണി

തിരുവനന്തപുരം: “കമ്മ്യുണിസ്റ്റുകാരനായ താൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.” കെ.കെ രമ എം.എൽ.എയ്ക്കെതിരെ നിയമസഭയിൽ നടത്തിയ അധിക്ഷേപ പരാമർശം എം.എം മണി എം.എൽ.എപിൻവലിച്ചു. “ആരെയും അപമാനിക്കണമന്ന് ഉദ്ദേശിച്ചിട്ടില്ല. പരാമർശം പിൻവലിക്കുന്നും” എം.എം മണി നിയമസഭയിൽ പറഞ്ഞു.

വിവാദ പരാമർശത്തിൽ മണിയെ സ്‌പീക്കർ എം.ബി രാജേഷ് തള്ളിയിരുന്നു. സമൂഹത്തിലെ മാറ്റം ജനപ്രതിനിധികൾക്ക് വേണ്ടവിധം ഉൾക്കൊള്ളാൻ ആയിട്ടില്ലെന്ന് എം.ബി രാജേഷ് സഭയിൽ പറഞ്ഞു.

എല്ലാം സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് ഓർക്കണമെന്നും സ്വയം തിരുത്തലിന് വിധേയമാകണമെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് മണി പരാമർശം പിൻവലിച്ചത്.

ആഭ്യന്തര വകുപ്പിൻ്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍.ഡി.എഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല’- എന്നായിരുന്നു മണിയുടെ പരാമര്‍ശം. ടി.പി ചന്ദ്രശേഖരൻ്റെ കൊലപാതകത്തെ പരാമർശിച്ച് രമ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് മണിയുടെ അധിക്ഷേപം.

പരാമർശം പിൻവലിക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയായിരുന്നു എം.എം മണി. മണിക്കെതിരെ ആനിരാജയും ബിനോയ് വിശ്വവുമടക്കമുള്ള സി.പി.ഐ നേതാക്കളും രംഗത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണമായി ആനി രാജയ്ക്കെതിരേയും മണി അധിക്ഷേപ പരാമർശം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മണിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

0Shares