
ഹൈദരാബാദ്: തെലങ്കാനയില്‍ കിറ്റക്സിനായി ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ കര്‍ഷകരുടെ പ്രതിഷേധം. വാറങ്കല്‍ ജില്ലയിലെ ശയാംപേട്ട് ഹവേലിയില്‍ വസ്ത്രനിര്‍മാണ യൂണിറ്റിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിന് എതിരെയാണ് കര്‍ഷകര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വ്യവസായ സൗഹൃദമല്ലെന്ന് ആരോപിച്ച് കേരളം വിട്ട കിറ്റക്സ് തെലങ്കാനയിലെ ഗീസുഗൊണ്ട, സംഗേം മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കാകതീയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ വസ്ത്രനിര്‍മാണ യൂണിറ്റ് ആരംഭിച്ചിരുന്നു. 187 ഏക്കറാണ് കിറ്റക്സിന് സര്‍ക്കാര്‍ നല്‍കിയത്.

എന്നാല്‍, ഇത് വാസ്തു പ്രകാരമല്ലെന്നും കോമ്പൗണ്ട് ഭിത്തികെട്ടി സ്ഥലം പുനക്രമീകരിക്കാന്‍ 13.29 ഏക്കര്‍ കൂടി അനുവദിക്കണമെന്നും കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കിറ്റക്സ് ആവശ്യപ്പെട്ട സ്ഥലം കര്‍ഷകരുടെ കൃഷിഭൂമിയാണ്. ഇത് അളക്കാന്‍ അധികൃതര്‍ എത്തിയതോടെയാണ് പ്രതിഷേധം. ഏക്കറിന് 50 ലക്ഷം വിലവരുന്ന സ്ഥലം സര്‍ക്കാരും കിറ്റക്സും ചേര്‍ന്ന് 10 ലക്ഷത്തിന് കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ശനിയാഴ്‌ച വന്‍ പൊലീസ് സന്നാഹവുമായി എത്തി അധികൃതര്‍ സര്‍വേ നടത്തി. ആത്മഹത്യാ ഭീഷണി മുഴക്കിയ കര്‍ഷകരെ അറസ്റ്റു ചെയ്ത് നീക്കിയായിരുന്നു സര്‍വേ.
