വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ നിര്യാതനായി; ആദര സൂചകമായി സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കും

  • Post category:news / obitury
  • Reading time:1 min read
You are currently viewing വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ നിര്യാതനായി; ആദര സൂചകമായി സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കും

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​. ഭാരത്​ വ്യാപാരസമിതി അംഗം, വാറ്റ്​ ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്​ ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക്​ ചെയർമാൻ ഷോപ്​ ആന്‍റ്​ കൊമേഴ്​സ്യൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ക്ഷേമ നിധി ബോർഡ്​ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​.

അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. അതേസമയം, നസിറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന്സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.

1944 ഡിസംബർ 25 ന്​ കോഴി​ക്കോട്​ കൂടാരപ്പുരയിൽ ടി.കെ മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ച ടി. നസിറുദ്ദീൻ ഹിദായത്തുൽ ഇസ്​ലാം എൽ.പി. സ്​കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്​ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ്​ വ്യാപാരമേഖലയിലേക്ക്​ കടക്കുകയായിരുന്നു.

കോഴിക്കോട് മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു.1980ൽ മലബാർ ചേംബർ ഓഫ്​ ​കൊമേഴ്​സ്​ ജനറൽ സെക്രട്ടറിയായാണ്​ സംഘടനപ്രവർത്തനത്തിന്​ തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ്​ ആയി. 1985ൽ സംസ്​ഥാന ജനറൽ സെക്രട്ടറിയായി. ഖബറടക്കം ഇന്ന് കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദിൽ നടക്കും.

0Shares