
ജനമൈത്രി പൊലീസിൻ്റെ പൊതിച്ചോറിന് അഭിനന്ദനവുമായി സുരേഷ് ഗോപി എം.പി. ദേശീയപാതയിൽ കൊരട്ടി ജംക്ഷനിലാണു ജനമൈത്രി പൊലീസ് ഒരു വർഷമായി പാഥേയം പദ്ധതി നടത്തുന്നത്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറുകൾ വയ്ക്കാം, വിശക്കുന്നവർക്കു കൊണ്ടുപോകാം. ഇതറിഞ്ഞ സുരേഷ് ഗോപി പൊതിച്ചോറുമായാണ് എത്തിയത്.

ഷെൽഫിൽ പൊതിച്ചോറുകൾ വച്ചിറങ്ങിയ സുരേഷ് ഗോപി പൊലീസുകാരോട് തിരക്കി ‘സി.ഐ എവിടെയാണ്?’. സ്റ്റേഷനിൽ യോഗത്തിലാണെന്ന് എസ്ഐ എം.വി.തോമസ് പറഞ്ഞു. സി.ഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്ഐയെ ഏൽപിച്ചു. സുരേഷ് ഗോപി പറഞ്ഞു ‘ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിൻ്റെയെല്ലാം ആൾ അദ്ദേഹമല്ലേ’.
അപ്രതീക്ഷിത സന്ദർശനമായതിനാലാണ് എസ്എച്ച്ഒ കൂടിയായ അരുൺ എത്താതിരുന്നത്. ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താൻ നൽകാമെന്ന വാഗ്ദാനവുമായാണു സുരേഷ് ഗോപി പോയത്.
