
ന്യൂഡല്‍ഹി: ഇലക്‌ട്രല്‍ ബോണ്ട് കേസില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. എസ്.ബി.ഐക്ക് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. കോടതി ആവശ്യപ്പെട്ടാല്‍ രേഖകള്‍ നല്‍കേണ്ട ബാദ്ധ്യത ബാങ്കിനുണ്ട്. ഇലക്‌ട്രല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ട് വിധി വന്നതിന് ശേഷമുള്ള 26 ദിവസം ബാങ്ക് എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു.
തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ കൈമാറാൻ ജൂണ്‍ 30 വരെ സാവകാശം ആവശ്യപ്പെട്ട് എസ്.ബി.ഐ സമർപ്പിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
ഹർജി തള്ളിയ കോടതി വിവരങ്ങള്‍ നാളെ (ചൊവാഴ്‌ച) വിവരങ്ങള്‍ കൈമാറണമെന്നും നിർദേശിച്ചു. ഫെബ്രുവരി 15ന് വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അതേ ബെഞ്ചാണ് ഇന്നും (തിങ്കളാഴ്‌ച) ഹർജി പരിഗണിച്ചത്.

സാങ്കേതികത്വമല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. ബാങ്കിൻ്റെ ഭാഗത്തു നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നല്‍കിയ മുദ്രവച്ച കവർ കോടതി തുറന്നു പരിശോധിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികള്‍ നല്‍കിയ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും കോടതി അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രാജ്യം കാത്തിരിക്കുന്ന ഈ വേളയില്‍ സുപ്രീംകോടതി നിലപാട് നിർണായകമാണ്.
