സഹപാഠി നല്‍കിയ പാനീയം കുടിച്ച വിദ്യാര്‍ത്ഥി മരിച്ചു; ഉള്ളില്‍ച്ചെന്നത് ആസിഡ്, ദുരന്തത്തിന് കാരണം കെമിസ്‌ട്രി ലാബിലെ പരീക്ഷണം ആണെന്ന് സംശയം

You are currently viewing സഹപാഠി നല്‍കിയ പാനീയം കുടിച്ച വിദ്യാര്‍ത്ഥി മരിച്ചു; ഉള്ളില്‍ച്ചെന്നത് ആസിഡ്, ദുരന്തത്തിന് കാരണം കെമിസ്‌ട്രി ലാബിലെ പരീക്ഷണം ആണെന്ന് സംശയം

തിരുവനന്തപുരം: സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച്‌ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേല്‍ക്കുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്ത ആറാം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിൻ്റെയും സോഫിയയുടെയും മകനും കൊല്ലങ്കോടിന് സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയുമായ അശ്വിന്‍ (11) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടോടെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ സെപ്‌തംബറിലാണ് കുട്ടിയുടെ മരണത്തിന് കാരണമായ സംഭവം ഉണ്ടായത്. പരീക്ഷയ്ക്ക് ശേഷം ടോയ്‌ലറ്റില്‍ പോയി മടങ്ങുമ്പോള്‍ സഹപാഠിയായ വിദ്യാര്‍ത്ഥി കോള എന്ന പേരില്‍ ശീതളപാനീയം നല്‍കിയെന്നാണ് കേസ്. പാനീയം വാങ്ങി കുറച്ച്‌ കുടിച്ചെങ്കിലും രുചി ഇഷ്ടപ്പെടാത്തതിനാല്‍ കുപ്പി വലിച്ചെറിഞ്ഞുവെന്ന് അശ്വിന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

പാനീയം കുടിച്ചതിൻ്റെ പിറ്റേദിവസം തന്നെ കുട്ടിയ്ക്ക് പനിപിടിപെട്ടു. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പനി ശമിച്ചില്ല. കുറച്ച്‌ ദിവസത്തിന് ശേഷം കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ എന്നിവ കൂടി അനുഭവപ്പെട്ടതോടെ കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്നുമുതല്‍ കുട്ടി ചികിത്സയില്‍ കഴിയുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആവര്‍ത്തിച്ചു നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ കണ്ടത്തിയത്. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതായും കണ്ടെത്തിയിരുന്നു. വൃക്കകര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ ഡയാലിസിസും തുടങ്ങി. ചികിത്സയ്ക്കിടെ കടുത്ത ന്യുമോണിയ ബാധിക്കുകയും പിന്നാലെ അണുബാധ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.

അതേസമയം, ആരാണ് പാനീയം നല്‍കിയതെന്നും എന്തിനായിരുന്നു എന്നും കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആസിഡ് ഉള്ളില്‍ ചെന്നുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രവര്‍ത്തിക്കാത്തതും രക്ഷിതാക്കളില്‍ സംശയം ഉണര്‍ത്തുന്നു.

അശ്വിന്‍ പാനീയം കുടിച്ചതിൻ്റെ തലേദിവസം വിദ്യാര്‍ത്ഥികള്‍ കെമിസ്ട്രി ലാബില്‍ പരീക്ഷം നടത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അന്ന് ഉപയോഗിച്ച രാസവസ്തുക്കള്‍ കുടിച്ചാലും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അന്ന് പരീക്ഷണത്തിലൂടെ നിര്‍മിച്ച ദ്രാവകം മുഴുവനും ഒഴുക്കിക്കളഞ്ഞതായാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അശ്വിൻ്റെ മൃതദേഹം നാഗര്‍കോവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

0Shares