
സംസ്ഥാനത്തെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. സമരങ്ങള്‍ മൂലം കലാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു. മാര്‍ച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്നും കോടതി വ്യക്തമാക്കി. സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രീതിയില്‍ കലാലയ സമരം വേണ്ട.

സമാധാനപരമായ ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ ക്യാമ്പസുകളെ വേദിയാക്കാമെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ റാന്നിയിലെ രണ്ടു സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നേരത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് കോടതി ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ലംഘിക്കുന്നെന്നും സമരങ്ങള്‍ കാരണം പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നെന്നും കാണിച്ചാണ് സ്‌കൂളുകള്‍ കോടതിയെ സമീപിച്ചത്.
