
മുൻ മന്ത്രി എം. എം മണിയുടെ ഔദ്യോഗിക വാഹനത്തിൻ്റെ ടയര്‍ ഊരിത്തെറിച്ച സംഭവത്തിൽ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. എം.എല്‍.എയുടെ വാഹനത്തിൻ്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്.
കേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്ക്‌പോസ്റ്റിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. എം .എം മണിയും പി.എമാരും വാഹനത്തിനുള്ളിലുണ്ടായിരുന്നു. ഇന്നലെ രാവിലെ കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിൻ്റെ കമ്പംമെട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുന്നതിനിടെയാണ് സംഭവം.

വാഹനത്തിൻ്റെ ടയര്‍ പല തവണ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നതിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്. മണിയുടെ വാഹനത്തിൻ്റെ ടയര്‍ ഊരിത്തെറിച്ച് അപകടം ഉണ്ടാകുന്നത് നാലാം തവണയാണ്. ഇതിൽ ദുരൂഹത ചൂണ്ടിക്കാട്ടിയതിനേ തുടര്‍ന്ന് അപകടങ്ങളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചക്രത്തിൻ്റെ നട്ടുകള്‍ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം.
