Trending News





കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർധരാത്രിയാണ് നാടിനെ നടുക്കിയ സംഭവം. കൂട്ടബലാത്സംഗത്തെ തുടർന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Also Read
പൊലീസ് ഇടപെട്ട് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറിൽ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല.

തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്. യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി.
തുടർന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറിൽ കേറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനപൂർവ്വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവിൽ മൂന്ന് യുവാക്കളും ഈ സ്ത്രീയും മാത്രമാണ് പ്രതികൾ എന്നാണ് പൊലീസ് കണ്ടെത്തൽ.

Sorry, there was a YouTube error.