
പാലക്കാട്: മന്ത്രവാദത്തിന് എത്തിയ യുവാവും മന്ത്രവാദിയും പുഴയിൽ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശിയായ യുവരാജ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്. മന്ത്രവാദ ക്രിയകൾക്ക് ശേഷം പുഴയിലേക്ക് ഇറങ്ങിയ ഇരുവരുമാണ് മരിച്ചതെന്ന് മരണപ്പെട്ട യുവരാജിൻ്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും മന്ത്രവാദിയായ ഹസൻ മുഹമ്മദിന്‍റെ അടുത്ത് എത്തിയത്. ക്രിയകൾക്ക് ശേഷം മന്ത്രവാദിയായ ഹസൻ മുഹമ്മദും 18 വയസ്സുകാരനായ യുവരാജും പുഴയിലേക്ക് ഇറങ്ങി. അതിനിടെ ഇരുവരും ശക്തമായ ഒഴുക്കിൽ പെട്ട് കാണാതായി. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
