
മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകാലം പുസ്തകമാക്കുന്നു. ട്രംപിന്‍റെ മരുമകനും ഭരണകാലത്തെ മുതിർന്ന ഉപദേഷ്ടാവുമായിരുന്ന ജാരെദ് കുഷ്നറാണ് പുസ്തക രചനക്ക് ഹാർപിൻ കോളിൻസിന്‍റെ അനുബന്ധ പ്രസാധകരായ ബ്രോഡ്സൈഡ് ബുക്സുമായി കരാറിലെത്തിയത്.

അടുത്ത വർഷം ആദ്യം പുസ്തകം പുറത്തിറങ്ങുമെന്ന് ബ്രോഡ്സൈഡ് ബുക്സ് അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്‍റെ കൃത്യവും സമഗ്രവുമായ വിവരണം പുസ്തകത്തിൽ ഉണ്ടാകുമെന്ന് പ്രസാധകർ പറഞ്ഞു. എന്നാൽ കരാർ തുക സംബന്ധിച്ച വിവരം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
ഉപദേശകനെന്ന നിലക്ക് ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനിച്ച വ്യക്തിയാണ് കുഷ്നർ. അബ്രഹാം അക്കോഡ്സ്, ക്രിമിനൽ ജസ്റ്റീസ് പരിഷ്കാരങ്ങൾ പോലുള്ള നടപടികൾക്കു പിന്നിൽ അദ്ദേഹമായിരുന്നു. ട്രംപിന്‍റെ മകൾ ഇവാൻക ട്രംപിനെയാണ് 40 കാരനായ കുഷ്നർ വിവാഹം ചെയ്തിരിക്കുന്നത്.
