
കണ്ണൂര്‍ ജില്ലയിലെ പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ കേരളത്തിലെ സാംസ്‌കാരിക നായകർ പുലർത്തുന്ന മൗനം അത്ഭുതപ്പെടുത്തുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. തൊട്ടയൽപ്പക്കത്തുള്ള ഒരു ചെറുപ്പക്കാരനെ കൊന്നതിനെ ന്യായീകരിക്കുന്നവർ പതിനായിരമാണെന്നും അത്തരക്കാരെ കരുതിയിരിക്കരുതെന്നും കെ.എം ഷാജി പറഞ്ഞു.
മൻസൂർ വധക്കേസിൽ പ്രതിഷേധിച്ച് പാനൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ മൻസൂറിന്‍റെ കൊലപാതക കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കപ്പെട്ട ഒദയോത്ത് അനീഷാണ് പിടിയിലായത്.

കെ.എം ഷാജിയുടെ വാക്കുകൾ,
‘ തൊട്ടയൽപ്പക്കത്തുള്ളവനെ കൊന്ന് കുത്തി മലർത്തുന്നവനെ ഒരു മര്യാദയുമില്ലാതെ ന്യായീകരിക്കുന്ന ചില ആളുകൾ. ഇതിലെ രാഷ്ട്രീയമെന്താണെന്ന് നിങ്ങളെപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ. പി. ജയരാജന്‍റെ മകൻ അങ്ങനെയൊരു പോസ്റ്റിടുമ്പോൾ മിനുട്ടുകൾ കൊണ്ട് ആ പോസ്റ്റിനകത്ത് പതിനായിരം ലൈക്കുകൾ വരികയാണ്. നിങ്ങളോരോരുത്തരും കരുതിയിരുന്നോളൂ. പതിനായിരം പേർ അരയിൽ കത്തിയും വെച്ചിരിപ്പുണ്ട്.
വികൃതമായ ഈ സി.പി.ഐമ്മിന്‍റെ മനസ്സുണ്ട്. അതിനയല്ലേ എതിർക്കേണ്ടത്. അതിനെയല്ലേ വിരോധിക്കേണ്ടത്. അതല്ലേ നമ്മൾ പറയേണ്ടത്. ആർക്കും വർത്തമാനമില്ല. എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച് മീഡിയ പ്രവർത്തകരെ ഒഴിച്ചുനിർത്തിയാൽ സാംസ്‌കാരിക നായകരെന്ന് പറയുന്ന കുറെ തല്ലിപ്പൊളിമാരുണ്ട്. എന്താണവരൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാനിന്നലെ എല്ലാ സാസംകാരിക നായകരെന്ന് പറയുന്ന പ്രമുഖരുടെയും പ്രൊഫൈലുകളിൽ പോയി നോക്കി.21 വയസ്സുള്ള ഒരു പുഷ്പം കരിച്ചു കളഞ്ഞിരിക്കുന്നു ഈ മണ്ണിൽ. കൊന്നുകളഞ്ഞിരിക്കുന്നു. ആർക്കും ഒരു അത്ഭുതവുമില്ല പ്രതിഷേധവുമില്ല,’ കെ. എം ഷാജി പറഞ്ഞു.
