സ്വര്‍ണം എയ്‌തുവീഴ്ത്താൻ കൈകളെന്തിന്; സൈന്യം ദത്തെടുത്ത ശീതളിന് ഹാംഗ്ഝൗവില്‍ സ്വര്‍ണ തിളക്കം

  • Post category:national / news / sports
  • Reading time:1 min read
You are currently viewing സ്വര്‍ണം എയ്‌തുവീഴ്ത്താൻ കൈകളെന്തിന്; സൈന്യം ദത്തെടുത്ത ശീതളിന് ഹാംഗ്ഝൗവില്‍ സ്വര്‍ണ തിളക്കം

ഹാംഗ്ഝൗ: ഏഷ്യൻ പാരാഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം. വനിതകളുടെ കോമ്പൗണ്ട് ഓപ്പണ്‍ ഇനത്തില്‍ ഇന്ത്യയുടെ ശീതള്‍ ദേവി സ്വര്‍ണം നേടി. വാശിയേറിയ പോരാട്ടത്തില്‍ സിംഗപ്പൂരിന്‍റെ അലിം നൂര്‍ സയാഹിദയെയാണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. സ്കോര്‍: 144-142

ആദ്യ മൂന്ന് സെറ്റുകളില്‍ നിന്നായി മൂന്ന് പോയിന്‍റ് ലീഡ് വഴങ്ങിയ ശീതള്‍ ദേവി അടുത്ത രണ്ട് സെറ്റുകളില്‍ ഗംഭീര തിരിച്ചു വരവ് നടത്തുകയായിരുന്നു. ഇതോടെ ഹാംഗ്ഝൗവില്‍ ശീതള്‍ ദേവിയുടെ മെഡല്‍ നേട്ടം മൂന്നായി. വനിതകളുടെ കോമ്പൗണ്ട് മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണവും ഡബിള്‍സില്‍ വെള്ളിയും താരം നേടിയിരുന്നു.

ലോക ഫൈനല്‍ കളിക്കുന്ന കൈകളില്ലാത്ത ഇന്ത്യയുടെ ആദ്യ അമ്പെയ്ത്തിലെ താരം കൂടിയാണ് ജമ്മുകാശ്‌മീരില്‍ നിന്നുള്ള പതിനാറുകാരിയായ ശീതള്‍ ദേവി. കിഷ്ത്വാറിലെ ഒരു സൈനിക ക്യാമ്പില്‍ നിന്ന് ഇന്ത്യൻ സൈന്യം ദത്തെടുത്തതാണ് ശീതളിനെ.

2019ല്‍ കിഷ്ത്വാറിലെ മുഗള്‍ മൈതാനിയില്‍ നടന്ന യുവജന പരിപാടിക്കിടെയാണ് ശീതള്‍ ഇന്ത്യൻ ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്. അവളുടെ അസാധാരണമായ കഴിവും പ്രതിഭയും തിരിച്ചറിഞ്ഞ ഇന്ത്യൻ സൈന്യം അവളെ ഏറ്റെടുത്തു, വിദ്യഭ്യാസ പിന്തുണയും വൈദ്യസഹായവും നല്‍കി.

ഇതോടെ ഇതുവരെ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 94 ആയി. വ്യാഴാഴ്‌ച തന്നെ മെഡലുകളുടെ കാര്യത്തില്‍ ഇന്ത്യ റിക്കാര്‍ഡിട്ടിരുന്നു. 2018ല്‍ ഇന്തോനേഷ്യയില്‍ നേടിയ 72 മെഡലുകളുടെ നേട്ടമാണ് ഹാംഗ്ഝൗവില്‍ ഇന്ത്യ മറികടന്നത്. ഇനിയും രണ്ടുദിവസം ശേഷിക്കേ കൂടുതല്‍ മെഡല്‍ നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

0Shares