
പയ്യന്നൂർ / കണ്ണൂർ: സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ എം.എല്‍.എ ഉള്‍പ്പടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്‌ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. എം.എല്‍.എക്ക് പുറമേ സി.പി.എം പയ്യന്നൂര്‍ ഏരിയാ മുന്‍ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ഓഫിസ് സെക്രട്ടറി, എം.എല്‍.എയുടെ സെക്രട്ടറി എന്നിവർക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതായി വിവരം പുറത്തുവന്നത്. ജൂണ്‍ 12ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവര്‍ ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്. സംഭവത്തെ കുറിച്ച് പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ്, ജില്ലാ സെക്രട്ടേറിയേറ്റംഗം പി.വി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മീഷൻ നേരത്തേ റിപ്പോർട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ അനാസ്‌ഥയും ക്രമക്കേടും നടന്നതായി അംഗങ്ങൾ പറഞ്ഞിരുന്നു.

പ്രതീകാത്മക ചിത്രം
2016-ലാണ് ഏരിയാകമ്മിറ്റി ഓഫീസ് നിർമാണത്തിന് സമ്മാനപദ്ധതി തുടങ്ങിയത്. പണം സ്വീകരിച്ച് നിശ്ചിത കാലത്തേക്ക് ബാങ്കിൽ നിക്ഷേപിച്ച്, അതിൻ്റെ പലിശ പാർട്ടിയുടെ ആവശ്യത്തിന് സംഭാവന ചെയ്യുന്നതാണ് പദ്ധതി. ഈ ഇനത്തിൽ സ്വരൂപിച്ച പണം അക്കൗണ്ട് ചെയ്യുന്നതിലും ഓഡിറ്റ് ചെയ്യുന്നതിലുമാണ് കമ്മിഷൻ ക്രമക്കേട് കണ്ടെത്തിയത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിന് വേണ്ടി ബൂത്ത്തല പ്രവർത്തനങ്ങൾക്ക് ഫണ്ടുശേഖരിക്കാനും ചില വ്യക്തികളെ പ്രത്യേകമായി കണ്ട് ശേഖരിക്കുന്നതിനും അച്ചടിച്ചതിൽ ഒരു റസീറ്റിലാണ് തെറ്റുകൾ കണ്ടെത്തിയത്. എന്നാൽ, റസീറ്റുകൾ ദുരുപയോഗ പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
വിഷയം ഗൗരവമുള്ളതാണെന്നും പയ്യന്നൂരില്‍ നടന്നത് വിഭാഗീയതയല്ലെന്നും വ്യക്‌തമായ സാമ്പത്തിക ക്രമക്കേടാണെന്നും പ്രവർത്തകർ സൂചിപ്പിച്ചു. തുടര്‍ന്നാണ് നടപടിക്ക് നീക്കം തുടങ്ങിയതും വിട്ടുവീഴ്‌ച വേണ്ടെന്നുള്ള തീരുമാനത്തിലെത്തിയതും. ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായി. പയ്യന്നൂരിലെ ഒരുവിഭാഗം നേതാക്കളാണ് ഏരിയാ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയത്.
