
പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം. വോട്ടർമാർക്ക് പണം നൽകി സ്വാദീനിക്കാൻ ശ്രമിക്കുന്നു എന്നതാണ് ആരോപണം. വോട്ടർ മാർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവാദം ഉടലെടുത്തത്. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ്സാണ് പുറത്തുവിട്ടത്. കണ്ണാടി പഞ്ചായത്തിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്.
തെരഞ്ഞെടുപ്പ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. വാർത്ത പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് സ്ഥലത്തെത്തിൽ അന്വേഷണം ആരംഭിച്ചു. ശോഭയും മറ്റ രണ്ട് സ്ത്രീകളുമാണ് എത്തിയത്. ശോഭ സുരേന്ദ്രൻ പോയ ശേഷം ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
