
കാസര്‍കോട്: കുണിയയില്‍ ഫെബ്രുവരി എട്ടിന് നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന മഹാ സമ്മേളനത്തിന് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിൻ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 10,000 മഹല്ലുകളില്‍ നിന്നായി 5 ലക്ഷത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയുടെ സംഘാടനം കുറ്റമറ്റതാക്കണമെന്നും ജനങ്ങളുടെ സുരക്ഷ പരമ പ്രധാനമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജനത്തിരക്ക് കൈകാര്യം ചെയ്യല്‍, ട്രാഫിക് നിയന്ത്രണം, പരിപാടി സംഘടിപ്പിക്കുന്ന പ്രദേശത്തെ സുരക്ഷ, വേദിയുടെയും പാചകപ്പുരയുടെയും പൊതുജനങ്ങള്‍ കൂടുന്ന മുഴുവന്‍ പ്രദേശത്തെയും സുരക്ഷ ഉറപ്പാക്കണം എന്ന് ജില്ലാ കളക്ടര്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന ആളുകള്‍ക്ക് പ്രത്യേകം മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ ഇരിപ്പിടം ഒരുക്കണമെന്നും മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ക്രമസമാധാനം ഉറപ്പാക്കല്‍, സുരക്ഷ, പാര്‍ക്കിംഗ്, വൈദ്യസഹായം, ഫയര്‍ഫോഴ്‌സ്, ആംബുലൻസ് വൈദ്യുതിയും നിര്‍മ്മിതിയും സംബന്ധിച്ച സുരക്ഷ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

പരിപാടി നടക്കുന്ന പ്രധാന ഇടങ്ങളില്‍ സി.സി ടി.വി സൗകര്യം ഏര്‍പ്പെടുത്തണമെന്നും പരിപാടി നടക്കുന്ന ദിവസം ജില്ലയില്‍ ഗാതഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. വലിയ ജന തിരക്ക് പ്രതീക്ഷിക്കുന്ന പരിപാടിയായതിനാല്‍ ആവശ്യത്തിന് ശുചിമുറികള്‍ സജ്ജീകരിക്കണമെന്നും ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുളള സൗകര്യവും ആവശ്യമാണെന്നും നേരത്തെ സംഘാടകർക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രദേശത്ത് ദിശാ സൂചകങ്ങളും എമര്‍ജന്‍സി എക്‌സിറ്റുകളും ആവശ്യമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പോലീസ് മേധാവി വിജയ് ഭാരത റെഡ്ഡി IPS, എ.എസ്.പി അച്യുത് അശോക് IPS, എ.ഡി.എം പി.അഖില്‍ പരിപാടിയുടെ സ്വാഗതസംഘം കണ്‍വീനര്‍ റഷീദ് ളിയിഞ്ച എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, സംഘാടകസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറില്‍ യോഗം ചേരുകയും പരിപാടി നടക്കുന്ന സ്ഥലത്തെത്തിയുള്ള പരിശോധന നടക്കുകയും ചെയ്തിരുന്നു. എ.ഡി.എം പി.അഖില്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
