
‘ഖുഷി’ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന കാർ തടാകത്തിലേക്ക് മറിയുകയായിരുന്നു. കാശ്മീരിൽ വച്ചായിരുന്നു ചിത്രീകരണം.
അതിവേഗം കാറോടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനുടെ കാർ തടാകത്തിൽ മറിയുകയും പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നൽകിയും ചെയ്തെന്ന് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ദേശിയ മാധ്യമങ്ങളോട് പറഞ്ഞു.

ദാൽ തടാകത്തിനടുത്തുവെച്ചുള്ള രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും ദേഹാസ്വാസ്ത്യത്തെ തുടർന്ന് ഫിസിയോ തെറാപ്പിസ്റ്റിൻ്റെ സേവനം തേടുകയും ചെയ്തു. ചികിത്സ ഇപ്പോൾ തുടരുകയാണ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടത്തിയത് എന്നും അണിയറപ്രവർത്തകർ പറയുന്നു.
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ‘ഖുഷി’. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖുഷി ഡിസംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറപ്രവത്തകർ അറിയിച്ചു.
