
നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത രാജൻ, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുൽ, രഞ്ജിത്ത് എന്നിവർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും വീട് വെച്ചു നൽകാനും മന്ത്രിസഭ തീരുമാനിച്ചു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയിൽ പത്ത് ലക്ഷം രൂപ ചെലവിൽ മുൻഗണനാ ക്രമത്തിൽ വീട് വച്ചു നൽകും.

ഇവരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുവാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കേരളാ വനിതാ-ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദർശിച്ച ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു. നെയ്യാറ്റിൻകരയിലെ വീട്ടിലാണ് കുട്ടികളെ സന്ദർശിച്ചത്.
