സുഡാന്‍ ആസ്ഥാനമായ സണ്‍ എയറിന്‍റെ സി.ഇ.ഒ മലയാളി റീന അബ്ദുറഹ്മാന്‍; സണ്‍ എയറിന്‍റെ ഉദ്ഘാടന പറക്കല്‍ സെപ്റ്റംബര്‍ ആദ്യവാരം

You are currently viewing സുഡാന്‍ ആസ്ഥാനമായ സണ്‍ എയറിന്‍റെ സി.ഇ.ഒ മലയാളി റീന അബ്ദുറഹ്മാന്‍; സണ്‍ എയറിന്‍റെ ഉദ്ഘാടന പറക്കല്‍ സെപ്റ്റംബര്‍ ആദ്യവാരം

മസ്‌കത്ത്: സുഡാന്‍ ആസ്ഥാനമായ സണ്‍ എയറിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ) തൃശൂര്‍ സ്വദേശിനി റീന അബ്ദുറഹ്മാന്‍ ചുമതലയേറ്റു. ഒരു വിദേശ എയര്‍ലൈനിന്‍റെ സി.ഇ.ഒ ആകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് റീന. അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്‍റെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ (സി.ഒ.ഒ) കൂടിയായ റീന ആ സ്ഥാനത്തും തുടരും. അല്‍ ഹിന്ദിന്‍റെ ജി.സി.സി, ബംഗ്ലാദേശ്, ആഫ്രിക്ക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം റീനക്കാണ്. അല്‍ ഹിന്ദ് ട്രാവല്‍സ് അടുത്തിടെ സണ്‍ എയറിന്‍റെ 25 ശതമാനം ഓഹരി വാങ്ങിയതോടെയാണ് അതിന്‍റെ സി.ഇ.ഒ സ്ഥാനത്തേക്ക് റീന നിയമിതയായത്.

സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലാണ് സണ്‍ എയറിന്‍റെ ആസ്ഥാനം. സുഡാനിലെ ആദ്യ സ്വകാര്യ എയര്‍ലൈനായ സണ്‍ എയറിന്‍റെ ഉദ്ഘാടന പറക്കല്‍ സെപ്റ്റംബര്‍ ആദ്യവാരം കൈറോയിലേക്ക് നടക്കുമെന്ന് റീന ഗള്‍ഫ് മാധ്യമങ്ങളോട് പറഞ്ഞു.

ആഫ്രിക്കയെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ആഫ്രിക്കന്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുക. പിന്നീടിത് യൂറോപ്പിലേക്കും ചൈനയിലേക്കും വ്യാപിപ്പിക്കുമെന്നും റീന പറഞ്ഞു.

ഖത്തര്‍ എയര്‍വേസ്, എയര്‍ അറേബ്യ, സലാം എയര്‍ എന്നിവയിലടക്കം എയര്‍ലൈന്‍ വ്യവസായത്തിലെ വിവിധ മേഖലകളില്‍ 22 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് റീന പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ട്രാവല്‍ വ്യവസായത്തിലെ മികവിന് ഈ വര്‍ഷത്തെ വുമണ്‍ ഐക്കണ്‍ അവാര്‍ഡ് അടക്കമുള്ള അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഗുരുവായൂരിനടുത്ത് കണ്ടണശ്ശേരി ചൊവ്വല്ലൂര്‍ സ്വദേശിയാണ് റീന. പരേതനായ അബ്ദുറഹ്മാന്‍റെയും നദീറയുടെയും മകളാണ്.

0Shares