പച്ച നിറമുള്ള തവളകൾ കറുത്ത നിറമായി മാറുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകര്‍

  • Post category:international / news
  • Reading time:1 min read
You are currently viewing പച്ച നിറമുള്ള തവളകൾ  കറുത്ത നിറമായി മാറുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകര്‍

മരത്തവളകള്‍ കറുത്ത നിറമായി മാറുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകര്‍. ചെര്‍ണോബില്‍ ആണവ ദുരന്തം നടന്ന മേഖലയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ആണവദുരന്തത്തിൻ്റെ ബാക്കിയായി റേഡിയോ ആക്ടീവ് വികിരണങ്ങള്‍ അന്തരീക്ഷത്തില്‍ വലിയ തോതില്‍ ലയിച്ചിരുന്നു. ഇതിൻ്റെ അനന്തരഫലങ്ങള്‍ ഇപ്പോഴും മനുഷ്യനും ജന്തുജീവജാലങ്ങളും പ്രകൃതിയും ഒരു പോലെ അനുഭവിക്കുകയാണ്.

ഇതിൻ്റെ തുടര്‍ച്ചയായിട്ടാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. ചെര്‍ണോബിലില്‍ കാണപ്പെടുന്ന ഏതെങ്കിലും ജീവികള്‍ ഈ റേഡിയേഷനുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയോ എന്നായിരുന്നു പഠനത്തിലൂടെ ശാസ്ത്രജ്ഞര്‍ മുഖ്യമായും ലക്ഷ്യം വെച്ചത്. ഈ മേഖലയില്‍ കണ്ടുവരുന്ന മരത്തവളകളില്‍ പൊരുത്തപ്പെടലിൻ്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

2016ലാണ് ഇത് സംബന്ധിച്ചുള്ള പഠനം ആരംഭിച്ചത്. ചെര്‍ണോബിലില്‍ ഉയര്‍ന്ന റേഡിയേഷന്‍ ഉള്ള പ്രദേശങ്ങളിലെ മരത്തവളകള്‍ക്ക് അസാധാരണമായ ഇരുണ്ട നിറം ഗവേഷകര്‍ കണ്ടെത്തി. സാധാരണ മരത്തവളകളുടേതില്‍ നിന്ന് വ്യത്യസ്തമായി ഇവയുടെ നിറത്തില്‍ വലിയ മാറ്റമാണ് കണ്ടെത്തിയത്.
മനുഷ്യരിലും ജീവികളിലും ഇരുണ്ട നിറത്തിന് കാരണമായ ഇരുണ്ട പിഗ്മെന്റായ മെലാനിന്‍ ആണ് തവളകളുടെ നിറം മാറ്റത്തിനും കാരണമായത്.

അല്‍ട്രാവയലറ്റ് വികിരണത്തിന്റേയും അയൊണൈസിംഗ് വികിരണത്തിൻ്റെയും ഫലങ്ങള്‍ കുറയ്ക്കാന്‍ മെലാനിന് സാധിക്കും. ഇവ ആണവോര്‍ജ്ജം ആഗിരണം ചെയ്യുകയും പിന്നീട് പുറന്തള്ളുകയും ചെയ്യുന്നു. മെലാനിന് അയൊണൈസ്ഡ് തന്മാത്രകളെ ശേഖരിക്കാനും നിര്‍വീര്യമാക്കാനും സാധിക്കും. അതുകൊണ്ട് തന്നെ റേഡിയേഷന്‍ ബാധിച്ച ജീവിക്ക് കോശം നശിക്കാനുള്ള സാധ്യതയും കുറവാണ്. ഇതാണ് അതിജീവനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. ഉക്രെയ്ന്‍-റഷ്യ യുദ്ധ സാഹചര്യത്തില്‍ നിലവില്‍ ഇവിടുത്തെ പഠനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. വൈകാതെ തന്നെ ഇത് തുടരുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

0Shares