
ദോഹ / ഖത്തര്‍: ലോകകപ്പിന് ഖത്തറിലെത്തുന്ന ആരാധകര്‍ക്കായി ഖിതൈഫാന്‍ നോര്‍ത്ത് ഐലന്‍ഡില്‍ വിശാലമായ വിനോദ ബീച്ച് ഒരുങ്ങുന്നു. ലുസൈലിലെ ഖിതൈഫാന്‍ നോര്‍ത്ത് ഐലന്‍ഡില്‍ ‘ഖിതൈഫാന്‍ ബീച്ച് ഫെസ്റ്റ് ബൈ യൂനിറ്റ്-വൈ’ എന്നപേരില്‍ ആരാധകര്‍ക്കായി പുതിയ വിനോദ മേഖല സ്ഥാപിക്കുമെന്ന് യു- വെന്‍ച്വേര്‍സ് അറിയിച്ചു. ഫ്യൂഷന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് എക്സിബിഷന്സുമായി ചേര്‍ന്ന് മദാഇന്‍ അല്‍ദോഹ ഗ്രൂപ് ആയിരിക്കും വിശാലമായ ഈ വിനോദ മേഖലയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയെന്ന് സംഘാടകര്‍ വാർത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, വിവിധ വിനോദ പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യ- പാനീയ- റീട്ടെയില്‍ ഔട്ട്ലറ്റുകള്, തത്സമയ സംഗീത കച്ചേരികള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുങ്ങുന്നത്. ടൂര്‍ണമെന്റ് കാലയളവില്‍ രാവിലെ നേരത്തേ ആരംഭിച്ച് അര്‍ധരാത്രി വരെയായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക.

പ്രാദേശിക, മേഖല, അന്തര്‍ദേശീയ സംസ്കാരങ്ങള്‍ കൂട്ടിയിണക്കി കൊണ്ടുള്ള പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രത്തില്‍ നിന്നും ബീച്ചിലേക്ക് നേരിട്ട് പ്രവേശന സൗകര്യമുണ്ടായിരിക്കും. ഖത്തറിലെ പ്രമുഖരായ സംഗീതജ്ഞരുടെ സംഗീത കച്ചേരിക്കൊപ്പം ആഗോള തലത്തില്‍ പ്രസിദ്ധരായ കലാകാരന്മാരുടെ പ്രത്യേക കലാ, സംഗീത, നൃത്ത പരിപാടികളും ഇവിടെ അവതരിപ്പിക്കും.
അറബ് ലോകത്താദ്യമായെത്തുന്ന ഫിഫ ലോകകപ്പ് എന്ന വമ്പന്‍ കായിക മാമാങ്കത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രഥമ വിനോദ സങ്കല്പമാണിതെന്നും ആരാധകര്‍ക്ക് അവിസ്മരണീയ അനുഭവമായിരിക്കും ഖിതൈഫാന്‍ ബീച്ച് ഫെസ്റ്റ് സമ്മാനിക്കുകയെന്നും ഖിതൈഫാന്‍ പ്രൊജക്ട്സ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം തലവന്‍ ശൈഖ് നാസര്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി പറഞ്ഞു. ഖിതൈഫാന്‍ ബീച്ച് ഫെസ്റ്റിലേക്ക് പ്രവേശനം അനുവദിക്കുന്ന ഔദ്യോഗിക ടിക്കറ്റുകള്‍ വരും ആഴ്ചകളില്‍ പുറത്തിറക്കും.
