
കാസർകോട് / പാലക്കാട്: അനിയന്ത്രിതമായ ഗർഭാശയം നീക്കം ചെയ്യല്‍ ശസ്ത്രക്രിയകള്‍ തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശത്തില്‍ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ നിലയ്‌ക്ക് നിർത്താനും ആരോഗ്യ വകുപ്പിന് കഴിയുന്നില്ലെന്നാണ് ആക്ഷേപം. അമ്പത് വയസു കഴിഞ്ഞ നല്ലൊരു വിഭാഗം സ്ത്രീകളും ഗർഭപാത്രം ഇല്ലാതെ ജീവിക്കുന്ന സാഹചര്യത്തിൽ ആയതിൻ്റെ നിജസ്ഥിതി അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം.
മാനദണ്ഡമില്ലാതെ ഗർഭാശയം നീക്കം ചെയ്യല്‍ തടയാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2023 ഏപ്രിലില്‍ സംസ്ഥാനങ്ങള്‍ക്കായി പുറത്തിറക്കിയ മാർഗരേഖ പാലിക്കാതായതോടെ ഡോ. നരേന്ദ്ര ഗുപ്‌ത എന്നയാള്‍ സുപ്രീം കോടതിയിൽ എത്തി. തുടർന്നാണ്, അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര മാർഗരേഖ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടത്. എന്നാല്‍ കേരളത്തിലടക്കം മാർഗരേഖ നടപ്പാക്കിയിട്ടില്ല.
സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന പ്രസവം നിർത്തല്‍ ശസ്ത്രക്രിയകള്‍ സംബന്ധിച്ച വിവരം ക്രോഡീകരിച്ചിട്ടില്ല, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തിയിട്ടില്ല, ജില്ല വിലയിരുത്തല്‍ സമിതികള്‍ രൂപവത്കരിച്ചില്ല തുടങ്ങിയ മറുപടികളാണ് ജില്ല ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും പൊതുജനാരോഗ്യ പ്രവർത്തകൻ അഡ്വ. എല്‍.ആർ സിനുവിന് വിവരാവകാശം വഴി ലഭിച്ചത്.
ഹിസ്റ്ററെക്‌ടമി
ക്രമരഹിതമായ രക്തസ്രാവം, ഗര്‍ഭപാത്രത്തിൽ ഉണ്ടാകുന്ന ഫൈബ്രോയിഡ് വളര്‍ച്ച തുടങ്ങിയവക്ക് പരിഹാരമായാണ് ഡോക്ടര്‍മാര്‍ ഈ ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്. ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ചെയ്യുന്ന രണ്ടാമത്തെ ശസ്ത്രക്രിയയാണ് ഹിസ്റ്ററെക്ടമി അഥവാ ഗർഭപാത്രം നീക്കം. ചെയ്യല്‍. ഗർഭഛിദ്ര ശസ്ത്രക്രിയ (ഡി&സി) ആണ് ഒന്നാമത്.
കേന്ദ്ര മാർഗരേഖയുടെ പശ്ചാത്തലം
ആശുപത്രികള്‍ ലാഭം മുന്നില്‍ കണ്ടും ഗ്രാമീണ മേഖലകളില്‍ പ്രധാനമന്ത്രി ഇൻഷുറൻസ് തുക ലക്ഷ്യമിട്ടും ഗർഭാശയം നീക്കം ചെയ്യല്‍ വ്യാപകമാകുന്നതായി പരാതി ഉയർന്നു. സാധാരണ ഗർഭപാത്രം നീക്കുന്നത് 40- 50 പ്രായമുള്ളവരിലാണ്. എന്നാല്‍ 35 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇടയിലും ഇതിനുള്ള ശസ്ത്രക്രിയ വ്യാപകമായി. സ്വകാര്യ ആരോഗ്യ മേഖലയില്‍ ഇത് 2.3 ശതമാനം വർധിച്ചു.
മാർഗരേഖയിലെ പ്രധാന നിർദേശങ്ങള്‍
ശസ്ത്രക്രിയ നടത്തുന്നവരുടെ മുഴുവൻ ചികിത്സ രേഖ ഉള്‍പ്പെടെ ആറ് മാസത്തിലൊരിക്കല്‍ വിലയിരുത്തണം. ശസ്ത്രക്രിയ ചെയ്യാനിടയായ സാഹചര്യം അവലോകനം ചെയ്യണം.

സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ ശസ്ത്രക്രിയ വിവരം ശേഖരിക്കണം. സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ഓഡിറ്റ് നടത്തണം. ദേശീയ, സംസ്ഥാന ജില്ല തലങ്ങളില്‍ വിലയിരുത്തല്‍ യോഗം നടത്തണം.
കേരളം രണ്ടാമത്
ആയുഷ്‌മാൻ ഭാരത് പദ്ധതിക്ക് കീഴില്‍ അഞ്ചുവർഷത്തിനിടെ ഔദ്യോഗികമായി ഏറ്റവും കൂടുതല്‍ ഗർഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടന്ന സംസ്ഥാനങ്ങളില്‍ കേരളം രണ്ടാമതാണ്. കഴിഞ്ഞ വർഷം 7,549 ശസ്ത്രക്രിയകള്‍ നടന്നതായാണ് റിപ്പോർട്ടുകൾ.
അന്വേഷണവും നിയമ നടപടികളും വേണം
സാധാരണ സ്ത്രീകളിൽ ഉണ്ടാകുന്ന ദോഷകരമല്ലാത്ത മുഴകൾക്കുവരെ ചില ആശുപത്രികൾ ഗർഭാശയം നീക്കം ചെയ്യാൻ നിർബന്ധിക്കുന്നു. ആശുപത്രികൾക്ക് ലാഭം ഉണ്ടാക്കാനുള്ള പ്രധാന മാർഗമായി ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയയെ മാറ്റുന്നുണ്ട്. സെർവിക്കൽ കാൻസർ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ മാത്രമായിരുന്നു മുമ്പൊക്കെ ഈ ശസ്ത്രക്രിയ നടത്തിയിരുന്നത്.
സ്ത്രീകളുടെ മാസമുറ നിന്നതിന് ശേഷം ഉണ്ടാകുന്ന നിസാരമായ ബുദ്ധിമുട്ടുകൾ മരുന്ന് കൊണ്ട് പരിഹരിക്കാമെങ്കിലും അനാവശ്യമായി ഗർഭാശയം നീക്കം ചെയ്യുന്നത് പതിവായിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. എന്നാൽ വിദ്യാസമ്പന്നരുടെയും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെയും ശസ്ത്രക്രിയക്ക് നിർബന്ധിക്കാറില്ലെന്നും പറയപ്പെടുന്നു.
കാസർകോട്ടെ ഒരു പ്രമുഖ ആശുപത്രിയിൽ എൺപതിനായിരം (80,000/-) രൂപ വരെയാണ് ഒരാളുടെ ഗർഭാശയം നീക്കം ചെയ്യാൻ ഈടാക്കുന്നത്. ഇതിൽ മുപ്പതിനായിരം (30,000/-) രൂപ വ്യക്‌തിയിൽ നിന്ന് നേരിട്ടും അമ്പതിനായിരം (50,000/-) രൂപവരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതായും പറയപ്പെടുന്നു. മുളിയാർ, കാനത്തൂർ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നാണ് ഇത്രയും പണം വാങ്ങിച്ചത്. ഇൻഷുറൻസ് കഴിച്ചുള്ള അധിക തുകയ്ക്ക് ആശുപത്രി ബില്ല് നൽകുന്നില്ലെന്നും പറയുന്നു.
സർക്കാരിൻ്റെ സൗജന്യ പരിരക്ഷ ഉണ്ടായിട്ടും അനസ്തേഷ്യ, മുറിവാടക, സ്പെഷ്യലിറ്റി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് സ്വകാര്യ ആശുപത്രികൾ അധിക തുക അടിച്ചെടുക്കുന്നത്. ഇതിനെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.
Report: Peethambaran Kuttikol (Courtesy: MadyamamMalayalam)
