
കോയമ്പത്തൂര്‍: വനമേഖലയ്ക്ക് അടുത്തുള്ള ജനവാസപ്രദേശത്ത് നിന്ന് വെള്ള നിറത്തിലെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. അഞ്ചടിയോളം നീളമുള്ള പാമ്പിനെ കോയമ്പത്തൂര്‍ പോടന്നൂരില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ആനക്കെട്ടി വനമേഖലയിലെ കാട്ടില്‍ തുറന്നു വിട്ടു.
വെളുത്ത നിറത്തിലുള്ള മൂര്‍ഖന്‍ പാമ്പുകളെ വളരെ അപൂര്‍വ്വമായാണ് കാണാറുള്ളത്. ല്യൂസിസ്റ്റിക് കോബ്രകള്‍ എന്നും ഇവ അറിയപ്പെടുന്നു.

ആല്‍ബിനിസമെന്ന രോഗാവസ്ഥയാണ് പാമ്പിൻ്റെ വെളുത്ത നിറത്തിന് പിന്നില്‍. ജനിതക വ്യതിയാനം മൂലം ശരീരത്തില്‍ മെലാനിൻ്റെ അളവ് കുറയുന്നതാണ് ആല്‍ബിനിസം എന്ന അവസ്ഥക്ക് കാരണം.
പോടന്നൂര്‍ മേഖലയില്‍ പത്ത് വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് ആല്‍ബിനോ കോബ്രകളുടെ സാന്നിധ്യം രേഖപ്പെടുത്തിയത്. പാമ്പുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നാശം നേരിടുന്നത് കൊണ്ടാണ് പ്രദേശത്ത് പാമ്പുകളെ കൂടുതലായി കാണപ്പെടുന്നതിന് കാരണമെന്ന് വന്യജീവി സംരക്ഷകര്‍ പറയുന്നു.
