
ബദിയടുക്ക : ബദിയടുക്ക അരമനയിൽ വാടകവീട്ടിൽ താമസിക്കുന്ന കുടുംബം ഇരുട്ടിലായത് അഞ്ചുദിവസം. ബദിയടുക്ക പഞ്ചായത്ത് 12ാം വാർഡ് അരമനയിൽ താമസിക്കുന്ന സുജാതയുടെ വീട്ടിലാണ്
വൈദ്യുതി അണഞ്ഞത്. വൈദ്യുതി നിലച്ചതോടെ സെക്ഷൻ ഓഫിസിൽ വിവരം നൽകിരുന്നു. ശക്തമായ മഴയെ തുടർന്ന് എല്ലാസ്ഥലത്തും വൈദ്യുതി ലൈനുകൾ തകരാറായത് ബോധ്യമുള്ളതിനാൽ നേരിട്ടും ഫോൺ വിളിച്ചും ബന്ധപ്പെട്ടു. എല്ലാ സ്ഥലത്തും വൈദ്യുതി എത്തിയങ്കിലും സുജാതയുടെ വീട്ടിൽമാത്രം വൈദ്യുതി എത്തിയിരുന്നില്ല. KSEB ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിനാൽ വീട്ടുകാർ പൊതുപ്രവർത്തകനായ സുബൈറിനെ വിവരം അറിയിച്ചു. തുടർന്ന് ഓഫിസിലും എ.ഇ, ഓവർസിയർ എന്നിവരോട് പരാതി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെ ഓഫിസിൽനിന്ന് ലൈൻമാനെത്തി വൈദ്യുതി പുനഃസ്ഥാപിക്കാമെന്നും, വീട്ടിലേക്കുള്ള സർവിസ് വയറാണ് പ്രശ്നം, അത് വാങ്ങിത്തരണമെന്നും ഓഫിസിൽനിന്ന് പറഞ്ഞു. ബുധനാഴ്ച രാവിലെതന്നെ വയർ വാങ്ങി വീട്ടുകാർ നേരിട്ട് ഓഫിസിലെത്തി, വൈദ്യുതി നന്നാക്കാൻ ആവശ്യപ്പെട്ടു, നടപടി ഉണ്ടായില്ല. KSEB ഉദ്യോഗസ്ഥരുടെ നിസ്സഹകരണം വീട്ടുകാരെ ദുരിതത്തിലാക്കി. ഒടുവിൽ സഹികെട്ട പൊതുപ്രവർത്തകൻ ബദിയടുക്ക സെക്ഷൻ എ.ഇ ഓഫിസിൻ്റെ വരാന്തയിൽ സുജാതയേയും കുടുംബത്തെയും കൂട്ടി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെയാണ് വൈദ്യുതി പ്രശ്നം പരിഹരിച്ചത്.
ആവശ്യങ്ങൾക്ക് വിളിച്ചാൽ ഫോൺ കട്ട് ചെയ്യുന്നതായും, വീട്ടിൽ പ്രാഥമിക ആവശ്യങ്ങൾക്കുപോലും ബുദ്ധിമുട്ട് അനുഭവപ്പെട്ട് തൊട്ടടുത്ത വീട്ടിലേക്ക് പോകേണ്ട സാഹചര്യമായിരുന്നു എന്നും വീട്ടുകാർ പറയുന്നു. പൊതുപ്രവർത്തകൻ സുബൈറിൻ്റെ ഇടപെടലാണ് സുജാത, ഭർത്താവ് അജയകുമാർ എന്നിവർക്ക് ആശ്വാസമായത്. വിവരമറിഞ്ഞെത്തിയ ഹാരിസ് ബി.ഡി.കെ അടക്കമുള്ള മറ്റു പൊതുപ്രവർത്തകരും കുത്തിയിരിപ്പ് സമരത്തിൽ പങ്കാളികളായതായി സുബൈർ പറഞ്ഞു. ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിച്ചതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരം ചെയ്യാൻ ഇടവരുത്തിയത് KSEB ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണെന്ന് സുബൈർ പറഞ്ഞു.
