
ദോഹ: ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നിയന്ത്രിക്കുക പോളണ്ടുകാരനായ റഫറി സിമോണ്‍ മാര്‍സിനിയാക്. കരുത്തരായ അര്‍ജന്റീനയും ഫ്രാന്‍സും അഭിമാനകരമായ കിരീടത്തിനായി നടത്തുന്ന പോരാട്ടം നിയന്ത്രിക്കാന്‍ പോളിഷ് റഫറി സിമോണ്‍ മാര്‍സിനിയാകിനെ ഫിഫ തിരഞ്ഞെടുത്തു. ഇതോടെ ഫിഫ ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന ആദ്യ പോളിഷ് റഫറിയായി 41കാരനായ സിമോണ്‍ മാറും. അദ്ദേഹത്തിൻ്റെ അസിസ്റ്റണ്ടുമാരായി പാവല്‍ സോക്കോള്‍ നിക്കിയെയും ടോമാസ് ലിസ്റ്റ്കിവിച്ച്‌സിനെയും നിയമിച്ചു.
യു.എസ്.എയിലെ ഇസ്മായില്‍ എല്‍ഫത്ത് ആണ് നാലാമന്‍. വി.എ.ആര്‍ ചുമതലകള്‍ പോളണ്ടിൻ്റെ ടോമാസ് ക്വിയാറ്റ്‌കോവ്‌സ്‌കി കൈകാര്യം ചെയ്യും. കായികരംഗത്ത് ഉയര്‍ന്ന റേറ്റിംഗും പ്രശംസയും നേടിയ മാച്ച് ഒഫീഷ്യല്‍സില്‍ ഒരാളാണ് മാര്‍സിനിയാക്. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സ്- ഡെന്മാര്‍ക്ക്, അര്‍ജന്റീന- ഓസ്‌ട്രേലിയ മത്സരങ്ങള്‍ നിയന്ത്രിച്ചത് സിമോണ്‍ മാര്‍സിനിയാക് ആണ്.

മാര്‍സിനിയാക് 2009ല്‍ പോളണ്ട് ദേശീയ ഫുട്‌ബോള്‍ ലീഗില്‍ തൻ്റെ കരിയര്‍ ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷം ഫിഫയുടെ ഔദ്യോഗിക റഫറിമാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗിൻ്റെ നടപ്പു സീസണില്‍ ബാഴ്‌സലോണയും ഇൻ്റെര്‍ മിലാനും തമ്മില്‍ നടന്ന ആവേശകരമായ മത്സരം നിയന്ത്രിച്ചത് മാര്‍സിനിയാക് ആയിരുന്നു. ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന മത്സരം 3- 3 സമനിലയില്‍ അവസാനിച്ചു. അദ്ദേഹം 2018ല്‍ റയല്‍ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള സൂപ്പര്‍ കപ്പിലും വിസിലൂതിയിട്ടുണ്ട്. റഷ്യയില്‍ നടന്ന 2018 ഫിഫ ലോകകപ്പില്‍ ജര്‍മ്മന്‍ താരം ജെറോം ബോട്ടെംഗിനെ പുറത്താക്കിയതും ഈ പോളിഷ് റഫറിയായിരുന്നു.
അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ 18 ഞായറാഴ്‌ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും. 1998ല്‍ ആദ്യമായി ലോക ജേതാക്കളായ ഫ്രാന്‍സ് മൂന്നാമത്തെ കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. മൂന്നാം കിരീടത്തിനായാണ് അര്‍ജന്റീനയും പോരാടുന്നത്. ഫൈനലില്‍ ജയിച്ചാല്‍ നിലവിലെ ലോകജേതാക്കളായ ഫ്രാന്‍സ് 1962ല്‍ ബ്രസീലിന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി മാറും. ടൂര്‍ണമെണ്ടില്‍ ഫ്രാന്‍സ് ജേതാക്കളായാല്‍ രണ്ടാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന പദവി പെലെയ്‌ക്ക് ശേഷം കൈലിയന്‍ എംബാപ്പെ സ്വന്തമാക്കും. ഇതിഹാസ താരം പെലെ 21 വയസ്സിലാണ് ഈ നേട്ടം കൈവരിച്ചത്. എംബാപ്പെയുടെ പ്രായം 23 വയസ്സാണ്.
