
കാഞ്ഞങ്ങാട് / കാസർകോട്: പ്രമാദമായ സിഗ്സ്ടെക്ക് ചിട്ടി നിക്ഷേപ തട്ടിപ്പിൽ നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷനുകളിലായി വ്യാഴാഴ്ച മാത്രം പത്ത് കേസുകൾ രജിസ്റ്റർ ചെയ്‌തു. ജൂൺ 14-ന് അമ്പലത്തറ, ബേക്കൽ, ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 11 കേസുകൾക്ക് പുറമെയാണിത്. ജൂൺ 14-ന് അമ്പലത്തറ പോലീസിൽ മാത്രം ഒമ്പത് കേസുകളാണ് സിഗ്സ്ടെക്ക് മാർക്കറ്റിംഗ് ലിമിറ്റഡ് എന്ന തട്ടിപ്പ് സ്ഥാപനത്തിനെതിരെ റജിസ്റ്റർ ചെയ്തത്. അതിനിടെ മുഖ്യപ്രതികൾ നാട്ടിൽ നിന്നും മുങ്ങി.

നീലേശ്വരം അടുക്കത്ത് പറമ്പിലെ അനഘരാജിൻ്റെ പക്കൽ നിന്ന് 2013 മുതൽ 2016 മെയ് 9 വരെ 98 തവണകളായി 28,000 രൂപയാണ് ചിട്ടിക്കമ്പനി തട്ടിയെടുത്തത്. അടുക്കത്ത് പറമ്പിലെ ബാലകൃഷ്ണൻ്റെ ഭാര്യ സാവിത്രി ബാലകൃഷ്ണനിൽ നിന്നും 2017-ൽ 1,13,000 രൂപയും 2016 ജനുവരി 12-ന് 25,000 രൂപയും ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പിലിക്കോട് കോതോളിയിൽ താമസിക്കുന്ന ലീല കൃഷ്ണനിൽ നിന്നും നാല് പ്രാവശ്യമായി 70,000 രൂപയുമാണ് സ്ഥാപനം നിക്ഷേപമായി തട്ടിയെടുത്തത്.
കോതോളിയിലെ വിശ്വംഭരൻ്റെ ഭാര്യ കെ.സജിതയിൽ നിന്നും 2013 മുതൽ 2017 വരെ 59,000 രൂപയും 2013 നവംബർ 17-ന് 90,000 രൂപയും സംഘം തട്ടിയെടുത്തു. പിലിക്കോട് കുളിരങ്കൈ ഇരവിൽ രാഘവൻ്റെ മകൻ സജിത്തിൽ നിന്നും 54,000 രൂപയും കുളിരങ്കൈയിലെ അമ്പുവിൻ്റെ മകൻ കെ.കൃഷ്ണനിൽ നിന്നും 1 ലക്ഷം രൂപയും 2014-ൽ ഇരവിലെ രാഘവൻ്റെ മകൻ കെ.സജിത്തിൽ നിന്നും തന്നെ 10,000 രൂപയും സിഗ്സ്ടെക്ക് ചിട്ടിക്കമ്പനി നിക്ഷേപമായി സ്വീകരിച്ചിരുന്നു.

തളിപ്പറമ്പ് ചിറവക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സിഗ്സ്ടെക്ക് മാർക്കറ്റിംഗ് ലിമിറ്റഡ് എന്ന തട്ടിപ്പ് കമ്പനിക്കെതിരെ ദിനംപ്രതി നിരവധി വഞ്ചനാ കേസുകളാണ് കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. സിഗ്സ്ടെക്ക് മാർക്കറ്റിങ്ങ് കമ്പനി ഉടമകൾക്കെതിരെ ഇപ്പോൾ പരാതികളുടെ പ്രവാഹമാണ്. വരും ദിവസങ്ങളിൽ ഇവർക്കെതിരെ കൂടുതൽ കേസ്സുകൾ ഉണ്ടാകുമെന്നാണ് സൂചന. കോട്ടയം അയ്മനം അമ്പാടിക്കവല വൈഷ്ണവം വീട്ടിൽ പരേതനായ രാജേഷിൻ്റെ ഭാര്യ വൃന്ദാ രാജേഷ് നേതൃത്വം നൽകുന്ന ഏഴംഗ സംഘമാണ് സിഗ്സ്ടെക്ക് മാർക്കറ്റിങ്ങ് ലിമിറ്റഡിൻ്റെ പേരിലുള്ള നിക്ഷേപ തട്ടിപ്പുകൾക്ക് പിന്നിലെന്ന് പറയുന്നു. പെരുമ്പള മേലത്ത് വീട്ടിൽ കുഞ്ഞിച്ചന്തുവാണ് കേസ്സിൽ രണ്ടാം പ്രതി.

സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതിന് പോലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നും ഹൊസ്‌ദുഗ് ഡി.വൈ.എസ്.പി ഡോ. വി.ബാലകൃഷ്ണൻ ചാനൽ ആർ.ബിയോട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണിചെയിൻ ബിസിനസും അമിതലാഭം വാഗ്‌ദാനം ചെയ്‌ത് ഷെയർ മാർക്കറ്റിംഗ് നടത്തുന്നതും നിയമസാധുത ഇല്ലാത്തതാണെങ്കിൽ അത്തരക്കാരുടെ ചതികളിൽ ആരും പെടരുതെന്നും ഡി.വൈ.എസ്.പി മുന്നറിയിപ്പ് നൽകിയിരുന്നു.
