
കാസര്‍കോട്: ഇടത് മുന്നണിയുമായി തെറ്റിപ്പിരിത്ത ശേഷം പി.വി അൻവർ എം.എൽ.എ ആദ്യമായി കാസർകോട് സന്ദർശിച്ചു. പുതുതായി രൂപീകരിച്ച ഡി.എം.കെ എന്ന കൂട്ടായിമക്ക് ശക്തിപകരുന്ന വിധമാണ് അൻവറിൻ്റെ സന്ദർശനം. നിരവധി ആളുകൾ സ്വീകരിക്കാനെത്തി. പോലീസിൻ്റെ ക്രൂര നടപടിയിൽ മനംനൊന്ത് കാസർകോട് ഈ അടുത്തിടെ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബ അംഗങ്ങളെ നേരിട്ട് കണ്ടു. സത്താറിൻ്റെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് അൻവർ പറഞ്ഞു. കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനായി മകൻ്റെ പേരിൽ ബാങ്ക് അകൗണ്ട് തുറന്നതായും നാട്ടുകാർ സഹായിക്കണമെന്നും അൻവർ എം.എൽ.എ അഭ്യർത്ഥിച്ചു. അദ്ദേഹം ഒരു വിഹിതം മകന് കൈമാറുകയും ചെയ്തു.
പോലീസിനെതിരെ രൂക്ഷ വിമർശനമാണ് അൻവർ ഉന്നയിച്ചത്. കേരളത്തിലെ പോലീസിൽ ഒരു വിഭാഗം ക്രിമിനൽ സ്വഭാവക്കാരായി മാറിയിട്ടുണ്ട്. ഗുണ്ടകളെ പോലെ പെരുമാറുകയും തട്ടിപ്പ് സംഘത്തിന്‍റെ സ്വഭാവം കാണിക്കുകയും ചെയ്യുന്നു. ഏറ്റവും മോശം പോലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണ്. അബ്ദുള്‍ സത്താറിനോട് പോലീസ് കാട്ടിയത് ഗുണ്ടായിസമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും പി.വി അന്‍വര്‍ വിമര്‍ശിച്ചു. സത്താറിൻ്റെ മരണത്തിന് കാരണക്കാരനായ എസ്.ഐ അനൂബിനെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസർകോട്ടുകാർ പ്രതികരിക്കാത്തതിൽ അൻവർ നിരാശ പ്രകടിപ്പിച്ചു. കാസർകോട്ടുകാർക്ക് പ്രതികരിക്കാൻ സമയമില്ല. “നിങ്ങൾക്ക് മന്തി തിന്നാനെ നേരമുള്ളൂ” അൻവർ പറഞ്ഞു.
