
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 1971ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാന വാഹിനിക്കലായ ഐ.എൻ.എസ് വിക്രാന്തിനോടുള്ള ആദര സൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേരിട്ടത്. വിക്രാന്ത് കമ്മീഷൻ ചെയ്തതോടെ ഇന്ത്യയുടെ വിമാന വാഹിനിക്കപ്പലുകലുടെ എണ്ണം രണ്ടായി. ഐ.എൻ.എസ് വിക്രാന്തിൽ എ.കെ 630 റോട്ടറി കാനോനുകളും കവച് ആന്റി മിസൈൽ നേവൽ ഡികോയ് സംവിധാനവും ഉണ്ടായിരിക്കും.

42,800 ടൺ ഭാരമുള്ള വിക്രാന്തിന് 30 വിമാനങ്ങൾ വഹിക്കാനും ഏകദേശം 1,600 ജീവനക്കാരെ ഉൾക്കൊള്ളാനും കഴിയും. കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റം, ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ട്, ഡാറ്റ നെറ്റ്‌വർക്ക്, ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
262 മീറ്റർ വരെ നീളമുള്ള ഐ.എൻ.എസ് വിക്രാന്തിന് രണ്ട് ഫുട്ബോൾ മൈതാനങ്ങളേക്കാൾ നീളവും 62 മീറ്റർ വീതിയും ഉണ്ട്. 14 ഡെക്കുകളിലായി 59 മീറ്റർ ഉയരമുള്ള ഈ കപ്പലിൽ 2,300ലധികം കമ്പാർട്ടുമെണ്ടുകൾ ഉണ്ട്. 1,600 പേരടങ്ങിയ ക്രൂവിനെ ഉൾക്കൊള്ളാനും സാധിക്കും. വനിതാ ഓഫീസർമാർക്ക് പ്രത്യേക ക്യാബിനുകൾ ഉണ്ട്.
വിക്രാന്തിന്‍റെ ആകെ വിസ്തൃതി 174,580 ചതുരശ്ര അടിയാണ്. നാലുഏക്കർ സ്ഥലം എന്നു പറയാം. ഡിസ്പ്ലേസ്മെന്റ് 45,000 ടൺ ആണ്. ഈ 45,000 ടണ്ണിനുള്ള ഉരുക്കും നിർമിച്ചത് ഇന്ത്യയിൽ തന്നെയാണ്.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേകമായി നിർമിച്ചതാണ് DMR 249 ഗ്രേഡ് ഉരുക്ക്. ബൊക്കാറോ, ഭിലായി, റൂർക്കി സ്റ്റീൽ പ്ലാന്റുകൾക്കായിരുന്നു കരാർ.
കപ്പലിൽ 150 കിലോമീറ്റർ പൈപ്പുകളും 2,000 വാൽവുകളും ഹൾ ബോട്ടുകളും, എയർ കണ്ടീഷനിംഗ്, റഫ്രിജറേഷൻ പ്ലാന്റുകൾ, സ്റ്റിയറിംഗ് ഗിയർ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഉണ്ട്. ദിവസേന നാലുലക്ഷം ലിറ്റർ ശുദ്ധജലമാണ് ഇതിൽ ഉത്പാദിപ്പിക്കുക. അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് ആണ് ഐ.എൻ.എസ് വിക്രാന്തിൻ്റെ മറ്റൊരു പ്രത്യേകത.
28 നോട്ടിക്കൽ മൈൽ വരെ പരമാവധി വേഗം ആർജിക്കാവുന്നതാണ് കപ്പൽ. അഥവാ 52 കിലോമീറ്റർ വരെ വേഗം കൈക്കൊള്ളാൻ കഴിയും ഈ വിമാനവാഹിനിക്ക്. എൻഡുറൻസ് അഥവാ നിർത്താതെ പരമാവധി സഞ്ചരിക്കാനുള്ള ശേഷിയാണ് വിമാന വാഹിനികളുടെ കരുത്ത് അളക്കാനുള്ള പ്രധാന മാനദണ്ഡം. 14,000 ആണ് വിക്രാന്തിൻ്റെ എൻഡുറൻസ്. കടലിൽ ഒറ്റയടിക്ക് പോകാവുന്ന ദൂരമാണിത്. ഫിക്‌സഡ് വിംഗ്, റോട്ടറി എയർക്രാഫ്റ്റ് എന്നിവയുടെ ഒരു ശേഖരം പ്രവർത്തിപ്പിക്കാനാണ് കപ്പൽ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ നിർമ്മിത മിഗ് -29 കെ ഫൈറ്റർ ജെറ്റും കമോവ് -31 ഹെലികോപ്റ്ററുകളും വഹിക്കാനുള്ള ശേഷി വിക്രാന്തിനുണ്ട്.

നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക അനാച്ഛാദനം ചെയ്തത്. പുതിയ കപ്പൽ നാവികസേനയ്ക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി കൈമാറുകയും സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നാവികസേനയുടെ പുതിയ പതാക. വെള്ള പതാകയുടെ ഇടതുവശത്ത് മുകളിലായി ഇന്ത്യയുടെ പതാകയും വലത് വശത്ത് നാവിക സേനയുടെ പുതിയ ചിഹ്നത്തിൽ ദേവനാഗരി ലിപിയിൽ ‘സത്യമേവ് ജയതേ’ എന്ന ദേശീയ മുദ്രാവാക്യവും ആങ്കറും നേവിയുടെ മുദ്രാവാക്യവും കൊത്തി വച്ചിരിക്കുന്ന ഇന്ത്യൻ ദേശീയ ചിഹ്നം അടങ്ങിയിരിക്കുന്നു.
