
കാഞ്ഞങ്ങാട് / കാസർകോട്: അഴിമതി ആരോപണത്തെ തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ ഉപാദ്ധ്യക്ഷനെ മാറ്റാൻ ഐ.എൻ.എൽ നേതൃത്വം ഒരുങ്ങി. പകരം ഉപാദ്ധ്യക്ഷയായി ഐ.എൻ.എല്ലിൽ നിന്നുള്ള വനിതാ കൗൺസിലർ നജുമാ റാഫിയെ തിരഞ്ഞെടുക്കാനാണ് നീക്കം.
നഗരസഭ സിക്രട്ടറിക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. കോട്ടച്ചേരിയിലെ റേഡിയോ ഇലക്ട്രിക്കൽ സ്ഥാപനം തൊട്ടടുത്തുള്ള മറ്റൊരു കടയിലേക്ക് കോണിപ്പടി പണിത് കൂട്ടി യോജിപ്പിച്ചുവെന്ന ആരോപണം ഉയർത്തിയാണ് നോട്ടീസ് നൽകിയത്.

സംഭാവന നൽകാത്തതിൻ്റെ പ്രതികാരമാണ് നോട്ടീസ് നൽകിയതെന്നാണ് സ്ഥാപന ഉടമയും പ്രമുഖ വ്യവസായിയും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നോർത്ത് തളിപ്പറമ്പ സ്വദേശിയായ റേഡിയോ ഇലക്ട്രിക്കൽ സ്ഥാപന ഉടമ ഈ വിഷയം ഐ.എൻ.എൽ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും, ജില്ലാ നേതൃത്വം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പറയുന്നത്.
വ്യാഴാഴ്‌ച കാഞ്ഞങ്ങാട്ട് നടന്ന നഗരസഭ സി.പി.എം അടിയന്തിര യോഗം വിഷയം ചർച്ച ചെയ്യുകയും, അഴിമതി ആരോപണമുയർന്ന ഉപാദ്ധ്യക്ഷനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ ഐ.എൻ.എല്ലിനോട് ആവശ്യപ്പെടുകയും ചെയ്‌തതായാണ് വിവരം. സ്ഥാനമാറ്റ തീരുമാനം സ്വീകരിച്ചിട്ടില്ലെന്ന് ഐ.എൻ.എൽ ജില്ലാ നേതാവ് പറയുന്നു.
