
കണ്ണൂര്‍ / എറണാകുളം: ഇസ്ലാമിക് സ്റ്റേറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘടനാ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് സംഘടനയുമായി ഒരു കാലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത മൂന്നുപേര്‍ കുടുങ്ങിയത്. എന്‍.ഐ.എ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മതതീവ്രവാദ സംഘടനയുമായി സജീവ ബന്ധം ഉണ്ടായിരുന്നു.
കേസിലെ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്നത് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ഡി.വൈ.എസ്.പി പി.പി. സദാനനന്ദൻ്റെ ശാസ്ത്രീയമായ അന്വേഷണ മികവാണ്.

വളപട്ടണം ഐ.എസ് റിക്രൂട്ട്മെണ്ട് കേസില്‍ മൂന്നുപ്രതികള്‍ കുറ്റക്കാര്‍ എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടുവെന്നും എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി വിധിയില്‍ പറയുന്നു. എൻ.ഐ.എ ജഡ്ജി അനിൽ കെ. ഭാസ്കർ വിചാരണ ചെയ്തത്. തീവ്രവാദ സംഘടനയില്‍ അംഗത്വമെടുക്കല്‍, തീവ്രവാദ കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ നടത്തിയതായി കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷാവിധി കോടതി വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. കണ്ണൂര്‍ സ്വദേശികളായ ചക്കരകല്ല് മുണ്ടേരി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം കെ.വി അബ്ദുറസാഖ്, ചിറക്കര യു.കെ ഹംസ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷാ ഇളവ് വേണമെന്നും അഞ്ച് വര്‍ഷമായി ജയിലിലാണെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചു.
രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിനു വേണ്ടി യുദ്ധം ചെയ്യാന്‍ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികളെ തുര്‍ക്കിയില്‍ വച്ചാണ് പിടികൂടിയത്. 15 പേരാണ് കേസില്‍ പ്രതികള്‍. ഇവരില്‍ ചിലര്‍ മരിച്ചു. ഒരാള്‍ ഡല്‍ഹിയില്‍ വിചാരണ നേരിടുകയാണ്. ഒരാളെ പിടികൂടാനുണ്ട്. 2019ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. വളപട്ടണം പൊലീസ് അന്വേഷിച്ച കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 150 ഓളം സാക്ഷികളെ വിസ്തരിച്ചു.

സമുഹ മാധ്യമങ്ങളില്‍ ഐ.എസ് തീവ്രവാദ ആശയങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായും ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ജിഹാദ് നടത്തുന്നതിനായി ആഹ്വാനം ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടത്. ഇവരെ നിരന്തരം പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭീകര പ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ട പ്രതികളിലേക്ക് എത്തിച്ചേരാൻ ഇടയാക്കിയതെന്ന് പി.പി.സദാനന്ദന്‍ ചാനൽ ആർ.ബിയോട് പറഞ്ഞു. ഇപ്പോൾ സിറ്റി പൊലീസ് അസി. കമ്മിഷണറായ പി.പി സദാനന്ദന്‍ അന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പിയായിരുന്നു.
കണ്ണൂരില്‍ നിന്നും മറ്റും സിറിയയിലേക്ക് ഐ.എസില്‍ ചേരാന്‍ ആളുകള്‍ പോയിട്ടുണ്ടെന്നും തുര്‍ക്കിയടക്കമുള്ള രാജ്യങ്ങള്‍ അതിര്‍ത്തി കടക്കാന്‍ ശമിച്ച ചിലരെ തിരിച്ചയച്ചതായും പൊലിസിന് വിവരം ലഭിച്ചു. ഇതോടെയാണ് ഡി.വൈ.എസ്.പിയായിരുന്ന പി.പി സദാനന്ദന്‍ സ്വമേധയാ കേസെടുത്ത് മുഖ്യകണ്ണികളായ മുണ്ടേരി കൈപ്പക്കയില്‍ ബൈത്തുല്‍ ഫര്‍സാനയില്‍ മിഥിലാജ് (31) ചെയ്യിക്കുളം പള്ളിയത്തെ പണ്ടാരവളപ്പില്‍ കെ.വി അബ്ദുല്‍ റസാഖ് (39) മുണ്ടേരി പടന്നോട്ട് മെട്ടയിലെ എം.വി റാഷിദ് (29) തലശേരി കുഴപ്പങ്ങാട്ടെ കെ.ഹംസയെന്ന ബിരിയാണി ഹംസ (62) എന്നിവരെ അറസ്റ്റ് ചെയ്തത്. 2017 ഒക്ടോബര്‍ 25 നാണ് പ്രതികളെ പിടികൂടിയത്.

ഹംസയായിരുന്നു കേസിലെ സൂത്രധാരന്‍. ഇയാള്‍ ബഹറെനിൽ ജോലി ചെയ്തിരുന്ന സമയത്ത് ഐ.എസിൻ്റെ അന്താരാഷ്ട്ര നേതൃത്വവുമായി ബന്ധം പുലര്‍ത്തിയതായി കണ്ടെത്തിയിരുന്നു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫ്രീ തിങ്കേഴ്‌സ് എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെയാണ് ഇസ്ലാമിക രാജ്യത്തിന് വേണ്ടിയുള്ള ഇവരുടെ ആഹ്വാനം ആദ്യമായി പ്രതൃക്ഷപ്പെട്ടത്. ഈ ഗ്രൂപ്പിനെ പൊലീസ് ബ്‌ളോക്ക് ചെയ്തപ്പോള്‍ പിന്നീടത് റൈറ്റ് തിങ്കേഴ്‌സായി മുജാ ഹുറുണും അല്‍ മുജാഹുറുണുമായി ഇതു വേഷം മാറിയതായി അന്വേഷണ സംഘത്തിന് വ്യക്തമായി.
സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച പലരെയും ഇസ്താംബൂളില്‍ നിന്ന് തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചതോടെ കേസില്‍ കൂടുതല്‍ തെളിവുകളായി. എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെണ്ടിനെ അറിയിക്കാതെ നടത്തിയ ഈ തിരിച്ചയക്കലിനെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടും പ്രതികള്‍ക്ക് ഐ.എസ്. ബന്ധം തുടരാന്‍ സഹായകരമായി.

തിരിച്ചെത്തിയവര്‍ ഐ.എസ് നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പൊലിസിന് ലഭിച്ചതോടെ അറസ്റ്റിന് ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. നാനൂറോളം ഡിജിറ്റല്‍ രേഖകളാണ് ഇതിനായി പൊലീസ് ശേഖരിച്ചത് പ്രതികള്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചതിൻ്റെ യാത്രാ രേഖകളും പൊലീസ് കണ്ടെത്തി.
വളപട്ടണം, ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മത തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകര്‍ കൂടിയായിരുന്നു പിടിയിലായവര്‍. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴും പി.പി. സദാനന്ദൻ്റെ കണ്ടെത്തലുകള്‍ തന്നെയാണ് അടിസ്ഥാനമാക്കിയത്. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത എം.വി റാഷിദ്, മനാഫ് റഹ്‌മാന്‍ എന്നിവരെ എന്‍.ഐ.എ മാപ്പുസാക്ഷികൾ ആക്കിയിരുന്നു.
