
കാസർകോട്: 2022-23 വര്‍ഷം നടപ്പാക്കിയ സംരംഭക വര്‍ഷം പദ്ധതിയുടെ വിജയത്തിന് പിന്നാലെ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി വ്യവസായ വാണിജ്യ വകുപ്പ്. നടപ്പ് വര്‍ഷം സംരംഭകര്‍ക്കായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സംരംഭകവര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ മാതൃകയില്‍ ഇത്തവണ സംരംഭക വര്‍ഷം 2.0 പദ്ധതി നടപ്പാക്കും.
ആദ്യഘട്ടത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഒപ്പം സംരംഭകരുടെ സംഗമവും ഒരുക്കും. സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരെ ലക്ഷ്യമിട്ട് പഞ്ചായത്തുകള്‍തോറും ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള നടത്തും.
നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംരംഭങ്ങളെ നിലനിര്‍ത്തിക്കൊണ്ടുപോകാനായി പദ്ധതികള്‍ നടപ്പിലാക്കുകയാണ് മറ്റൊരു ലക്ഷ്യം. കഴിഞ്ഞ സംരംഭക വര്‍ഷത്തില്‍ തുടക്കം കുറിച്ച വിവിധ സംരംഭങ്ങളെ പഞ്ചായത്ത് തലത്തിലുള്ള ഇന്റേണുകള്‍ സന്ദര്‍ശിക്കും. സംരംഭകരുടെ മുന്നോട്ടുപോക്കിന് ആവശ്യമായ കാര്യങ്ങള്‍ ഇന്റേണുകള്‍ ചോദിച്ചറിയും. സംരംഭകരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും നിലവിലുള്ള സ്‌കീമുകളുമായി ബന്ധപ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ആയിരം സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവിലെത്തിക്കാന്‍ ലക്ഷ്യമിട്ട് മിഷന്‍ 1000 പദ്ധതി നടപ്പിലാക്കും.
കുറഞ്ഞത് കഴിഞ്ഞ മൂന്ന് വര്‍ഷമെങ്കിലും പ്രവൃത്തിക്കുന്ന ആയിരം സംരംഭങ്ങളെ പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. സംസ്ഥാനത്തേക്കുള്ള വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കുകയും ഇതര സംസ്ഥാന ആശ്രയത്വം കുറയ്ക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബശ്രീ മിഷനും വ്യവസായ വകുപ്പും ചേര്‍ന്ന് ഷീ സ്റ്റാര്‍ട്ട്സ് പദ്ധതിക്ക് തുടക്കം കുറിക്കും. വാര്‍ഡ്തലത്തിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകള്‍ മുഖേന സംസ്ഥാനത്ത് നാല്പതിനായിരം പുതിയ സംരംഭങ്ങള്‍ തുടങ്ങുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിലെ സംരംഭക മേഖലയെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ പദ്ധതികളാണ് വ്യവസായ വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്നും സംരംഭക മേഖലയിലേക്ക് താത്പര്യമുള്ളവര്‍ പഞ്ചായത്ത്തലത്തിലുള്ള വ്യവസായ വകുപ്പ് ഇന്റേണുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ പറഞ്ഞു.
