മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ; നേവിയുടെ സ്ക്യൂബ ഡൈവിങ് ടീം പരിശോധന നടത്തി

  • Post category:local news / news
  • Reading time:1 min read
You are currently viewing മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ; നേവിയുടെ സ്ക്യൂബ ഡൈവിങ് ടീം പരിശോധന നടത്തി

കാസർകോട്: ആഗസ്റ്റ് 31 ന് കാസർകോട് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. 5 ദിവസമായി റവന്യു വകുപ്പും പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തി വരികയാണ്. ഇതുവരെയുള്ള തിരച്ചിലിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ നേവിയുടെ സഹായം തേടുകയാണുണ്ടായത്.

വ്യാഴാഴ്ച രാവിലെ എത്തിയ ഇന്ത്യൻ നേവിയുടെ സ്ക്യൂബ ഡൈവിങ് ടീം അഴിമുഖത്ത് തിരച്ചിൽ നടത്തി. ഫിഷറീസ് വകുപ്പിൻ്റെ പട്രോൾ ബോട്ട് രാവിലെ കീഴുർ അഴിമുഖത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക്‌ തിരച്ചിൽ നടത്തി. കണ്ണൂർ ജില്ലയിലെ ഫിഷറിസിൻ്റെ പട്രോൾ ബോട്ട് എഴിമല ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക്‌ തെരച്ചിൽ നടത്തി. നിലവിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. തിരച്ചിലിനിടയിൽ ഓരോയിടത്തുമുള്ള ബോട്ട്കളിലേക്കും മത്സ്യത്തൊഴിലാളികൾക്കും വയർലസ് വഴി തിരച്ചിൽ സംബന്ധിച്ച നിർദേശം കൈമാറിയിരുന്നു.

കാണാതായ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണി മുതൽ ശക്തമായ മഴയെയും അടിയോഴുക്കിനെയും അവഗണിച്ച് തിരച്ചിൽ നടത്തുന്നുണ്ടങ്കിലും റിയാസിനെ കണ്ടത്താനായിട്ടില്ല. വ്യാഴാഴ്ച ആറാം ദിനമാണ് നേവിയുടെ സഹായത്തോടെ തിരച്ചിൽ ഊർജ്ജിതമായത്. കഴിഞ്ഞ ദിവസം കർണ്ണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാല്‍പെയും സംഘവും എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. മുന്നോട്ടുള്ള തിരച്ചലിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് കുടുംബവും നാട്ടുകാരും.

0Shares