
ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓസ്‌കാർ വേദിയിൽ തിളങ്ങിയ ആർ.ആർ.ആർ പുരസ്‌കാര നേട്ടത്തിൽ മുന്നിട്ടു നിന്നു. മികച്ച നടിയായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവർ അർഹരായി. ഗംഗുഭായ് കത്തിയാവാഡിയിലെ പ്രകടനത്തിലൂടെയാണ് ആലിയ മികച്ച നടിയായത്.
മിമിയിലെ അഭിനയമാണ് കൃതി സനോനിന് പുരസ്‌കാരം നൽകിയത്. പുഷ്‌പയിലെ അഭിനയത്തിന് അല്ലു അർജുൻ സ്വന്തമാക്കി. നമ്പി നാരായണൻ്റെ ജീവിതകഥയെ ആസ്‌പദമാക്കി നിർമിച്ച റോക്കട്രി മികച്ച ചിത്രമായി. മികച്ച ദേശീയ ഉദ്ഗ്രഥനത്തിനുള്ള പുരസ്‌കാരം കാശ്‌മീർ ഫയൽസ് നേടി.
മികച്ച മലയാളം ചിത്രമായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നായാട്ടിലൂടെ ഷാഹി കബീർ നേടി. ദേശീയ പുരസ്‌കാര നേട്ടത്തിൽ അഭിമാനിക്കാവുന്ന നേട്ടമാണ് മലയാള സിനിമ സ്വന്തമാക്കിയത്.

മികച്ച സഹനടനുള്ള പുരസ്‌കാരം ബോളിവുഡ് ചിത്രം മിമിയിലൂടെ പങ്കജ് ത്രിപാഠി നേടി. കാശ്‌മീർ ഫയൽസിലെ അഭിനയത്തിന് പല്ലവി ജോഷി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.
കടയ്‌സി വ്യവസായി മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തെലുങ്ക് ചിത്രം ഉപ്പേന. മികച്ച എഡിറ്റിങ് പുരസ്‌കാരം ഗംഗുഭായ് കത്തിയാവിഡിക്ക് ലഭിച്ചു. സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ആർ.ആർ.ആറും പുഷ്‌പയും നേടി. സംഘട്ടനം, നൃത്തസംവിധാനം, സ്‌പെഷ്യൽ ഇഫക്‌റ്റുകൾ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ആർ.ആർ.ആർ നേടി.
നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷൻ ചിത്രമായി കണ്ടിട്ടുണ്ട് തിരഞ്ഞെടുക്കപ്പെട്ടു.
