
സ്വന്തം മക്കളെ വളര്‍ത്താന്‍ വേണ്ടി 30 വര്‍ഷം ആണ്‍വേഷം കെട്ടിയ ഒരു സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. കടുനായ്‌ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാള്‍ എന്ന സ്ത്രീയാണ് 30 വര്‍ഷം ആരുമറിയാതെ മുത്തുവായി ജീവിച്ചത്. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ഭര്‍ത്താവ് മരിച്ച് പോയതിന് ശേഷമാണ് പേച്ചിയമ്മാളിന് ഇങ്ങനെയൊരു വേഷം കെട്ടേണ്ടി വന്നത്. ആണ്‍തുണയില്ലാതെ ജീവിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായിരുന്നു ഈയോരു കടുംകൈ ചെയ്യേണ്ടി വന്നത്.

ഇരുപതാം വയസ്സിലായിരുന്നു പേച്ചിയമ്മാളിൻ്റെ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. ഈ സമയം പേച്ചിയമ്മാള്‍ ഗര്‍ഭിണിയായിരുന്നു. കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞപ്പോള്‍ പേച്ചിയമ്മാളിനെ മറ്റൊരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്ന ഇവര്‍ മകളേയുമെടുത്ത് ഒരു ജോലിക്കായി വീട് വിട്ടിറങ്ങി. എന്നാല്‍ പലരും പേച്ചിയമ്മാളിനെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു. മകളെ വളര്‍ത്താന്‍ മറ്റ് വഴികളൊന്നും ഇല്ലാതെ വന്നതോടെ പേച്ചിയമ്മാള്‍ ആണ്‍വേഷം കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

27ാം വയസ്സിലായിരുന്നു ഇവര്‍ ഈ തീരുമാനം എടുത്തത്. ഇതിനായി നീളമുള്ള മുടി മുറിച്ചു, ലുങ്കിയും ഷര്‍ട്ടും ധരിച്ച് മുത്തുവായി മാറി. പിന്നീട് പലയിടങ്ങളിലായി ചായക്കടകളിലും മറ്റും ജോലി ചെയ്തു. പൊറോട്ട അടിക്കാനും ചായ അടിക്കാനുമെല്ലാം തുടങ്ങിയതോടെ മുത്തു പതിയെ മുത്തു മാസ്റ്റര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ജോലിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് മകളെ വളര്‍ത്തി. ഒടുവില്‍ വിവാഹവും കഴിച്ച് അയച്ചു.
അമ്മയുടെ വേഷം മാറലിനെകുറിച്ച് മകള്‍ക്ക് അറിയാമായിരുന്നു. മകള്‍ ഒഴികെ ഗ്രാമത്തിലെ മറ്റാര്‍ക്കും ഇത് അറിയുമായിരുന്നില്ല. ഇപ്പോള്‍ പേച്ചിയമ്മാളിന് 57 വയസ്സായി. അസുഖങ്ങള്‍ ബാധിച്ചതോടെ പഴയത് പോലെ ജോലിക്ക് പോകാനും സാധിക്കാതെയായി. ഇതോടെയാണ് ഈ രഹസ്യം ഇവര്‍ പുറത്ത് വിട്ടത്. സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പേച്ചിയമ്മാൾ.
