ഒരു രൂപ പോലും നൽകാതെ മോൻസൻ വാങ്ങിയത് എട്ട് ആഡംബര കാറുകൾ; രണ്ട് കോടിയിലധികം പറ്റിച്ചെന്ന് ബെംഗളൂരുവിലെ വ്യവസായി

  • Post category:news
  • Reading time:1 min read
You are currently viewing ഒരു രൂപ പോലും നൽകാതെ മോൻസൻ വാങ്ങിയത് എട്ട് ആഡംബര കാറുകൾ;  രണ്ട് കോടിയിലധികം പറ്റിച്ചെന്ന് ബെംഗളൂരുവിലെ വ്യവസായി

ആഡംബര കാറുകള്‍ മുറ്റത്ത് നിരത്തിയിട്ട് മോൻസൻ മാവുങ്കൽ കാണിച്ച ജാഡയിലാണ് തട്ടിപ്പുകൾ മറഞ്ഞുപോയത്. ഈ ആഡംബര കാറുകൾ വാങ്ങിയതിന് പിന്നിലും വമ്പൻ തട്ടിപ്പായിരുന്നു. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്ന് ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജന്‍ പറഞ്ഞു. ഒരു രൂപ പോലും മോന്‍സന്‍ തനിക്ക് നല്‍കിയില്ല.

മോന്‍സന്‍റെ പുറം മോടിയില്‍ വീണുപോയെന്നും ത്യാ​ഗരാജന്‍ പറഞ്ഞു. ബെം​ഗളൂരു പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ത്യാ​ഗരാജന്‍. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിലെ കസ്റ്റംസ് പരിശോധന പൂർത്തിയായി. വിദേശ നിർമ്മിത വാഹനങ്ങളുടെ രേഖ കസ്റ്റംസ് ശേഖരിച്ചു.
പത്ത് വാഹനങ്ങളുടെ വിശദാംശങ്ങളാണ് കസ്റ്റംസ് ശേഖരിച്ചത്.

ആഡംബര വാഹനങ്ങൾ വിദേശത്ത് നിന്ന് ഇറക്കിയതാണോയെന്ന് അന്വേഷിക്കും.പ്രാഥമിക പരിശോധനയാണ് നടക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു. പുരവാസ്തുക്കളുടെ രേഖ ഹാജരാക്കാനും കസ്റ്റംസ് മോന്‍സനോട് ആവശ്യപ്പെട്ടു. മോന്‍സന്‍റെ വീട്ടില്‍ വനംവകുപ്പ് പരിശോധന തുടരുകയാണ്. മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

0Shares