ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ആദ്യമായി എത്തുന്നത് പ്രധാനമന്ത്രിയായി; 51 വയസിനും 72 വയസിനും ഇടയില്‍ ഉന്നതാധികാരം ഇല്ലാതെ മൂന്നുദിവസം മാത്രം, സെപ്തംബര്‍ 17ന് 72 വയസിൽ നരേന്ദ്ര മോദി

You are currently viewing ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ആദ്യമായി എത്തുന്നത് പ്രധാനമന്ത്രിയായി; 51 വയസിനും 72 വയസിനും ഇടയില്‍ ഉന്നതാധികാരം ഇല്ലാതെ മൂന്നുദിവസം മാത്രം, സെപ്തംബര്‍ 17ന് 72 വയസിൽ നരേന്ദ്ര മോദി

ഡല്‍ഹി: ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസ് പൂര്‍ത്തിയാകുന്ന നരേന്ദ്ര മോദി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എം.എല്‍.എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യതവണ പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയും ആയ ഏക ഇന്ത്യന്‍ നേതാവാണ്.

51-ാം വയസില്‍ ആദ്യമായി ഗുജറാത്ത് സെക്രട്ടറിയേറ്റില്‍ നരേന്ദ്ര മോദി കാലുകുത്തുന്നത് സംസ്ഥാനത്തിന്‍റെ 14-ാമത് മുഖ്യമന്ത്രിയായിട്ടാണ്, 2001 ഒക്ടോബര്‍ 7ന്. പിന്നീട് 13 വര്‍ഷം അതേ പദവിയില്‍ തുടര്‍ന്ന മോദി 2014ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് മെയ് 22ന് രാജിവയ്ക്കുന്നത്.

2001ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭരണം തുടങ്ങിയ ശേഷമാണ് അദ്ദേഹം നിയമസഭയിലേയ്ക്ക് മല്‍സരിച്ച്‌ വിജയിക്കുന്നത്.

രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആകുന്നതിനുമുണ്ട് പ്രത്യേകത. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ലോക്‌സഭാംഗമായി ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദി കാലുകുത്തുന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ്.

2014 -ലേത് ചെറിയൊരു വിജയമായിരുന്നില്ല. 1984ന് ശേഷം മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറം രാജ്യത്ത് ഒരു പാര്‍ട്ടിക്ക് ആദ്യമായി ലോക്‌സഭയില്‍ തനിച്ച്‌ ഭൂരിപക്ഷം ലഭിക്കുന്നത് മോഡിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കാണ്. ആ വിജയം 2019ലും ആവര്‍ത്തിച്ചു. അതായത് 2001 മുതല്‍ ഇതുവരെയുള്ള 21 വര്‍ഷങ്ങളായി നരേന്ദ്ര മോദി എന്നാല്‍ രാജ്യത്തിന്‍റെ വി.വി.ഐ.പി ആണ്. 13 വര്‍ഷം മുഖ്യമന്ത്രി, 8 വര്‍ഷം പ്രധാനമന്ത്രി. ആ ചരിത്രം എന്തായാലും 2024 വരെ നീളും എന്നുറപ്പാണ്. മോദിയുടെ ജാതകഗുണം വച്ചാണെങ്കില്‍ അതിനുമപ്പുറത്തേയ്ക്കും.

1950 സെപ്തംബര്‍ 17ന് വടക്കുകിഴക്കന്‍ ഗുജറാത്തിലെ വാഡ്‌നഗറിലായിരുന്നു ജനനം.

അവിടെയുള്ള റെയില്‍വേ സ്റ്റേഷനിലുള്ള പിതാവിന്‍റെ ചായക്കടയില്‍ കുട്ടിക്കാലത്ത് ചായ വില്പനയില്‍ ഏര്‍പ്പെട്ടിരുന്നതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എട്ടാം വയസില്‍ അദ്ദേഹം ആര്‍.എസ്‌.എസ് അംഗമാണ്. 1971 മുതല്‍ മുഴുവന്‍ സമയ ആര്‍.എസ്‌.എസ് പ്രവര്‍ത്തകനായി. 1985 -ലാണ് ബി.ജെ.പിയിലെത്തുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പദവിയില്‍ വരെയെത്തി.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം അധികാരത്തിന് പുറത്തുനിന്നത് മൂന്നേ മൂന്നുദിവസം മാത്രം. 2014 മെയ് 22ന് ഗുജറാത്ത് മുഖ്യമന്ത്രി പദവി രാജിവച്ച്‌ മെയ് 26ന് പ്രധാനമന്ത്രിയായി ചുമതല ഏല്‍ക്കുന്നതിനിടയിലുള്ള മൂന്നുദിവസം മാത്രമാണത്.

0Shares