മെസ്സിയെ അണിയിച്ചത് രാജകീയം; വെറുമൊരു കറുത്ത മേല്‍ക്കുപ്പായമല്ല, സംഗതിയിതാണ്, കാരണവുമുണ്ട്

You are currently viewing മെസ്സിയെ അണിയിച്ചത് രാജകീയം; വെറുമൊരു കറുത്ത മേല്‍ക്കുപ്പായമല്ല, സംഗതിയിതാണ്, കാരണവുമുണ്ട്

ദോഹ: ഫുട്‌ബോള്‍ പ്രേമികളെ കോരിത്തരിപ്പിച്ചു കൊണ്ട് ലയണല്‍ മെസ്സി ലോകകിരീടം എടുത്തുയര്‍ത്തിയതിൻ്റെ ആവേശവും ആരവവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അര്‍ജന്റീനയുടെ വിജയം ഓണ്‍ലൈന്‍ ലോകത്തും ആഘോഷമാക്കുകയാണ് ആരാധകര്‍. കാത്തിരുന്ന് സ്വന്തമാക്കിയ ലോകകപ്പ് മെസ്സിയുടെ കൈകളിലേക്ക് കൈമാറും മുമ്പ് ഖത്തറില്‍ ഒരു കാര്യം നടന്നിരുന്നു. ഇതിഹാസ താരത്തെ ഒരു മേല്‍ക്കുപ്പായം ധരിപ്പിച്ചതിന് ശേഷമാണ് കിരീടം നല്‍കി ആദരിച്ചത്. എന്തുകൊണ്ടാണ് ഇതെന്ന സംശയം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്..

ഫിഫ പ്രസിഡണ്ട് ഗിയാനി ഇന്‍ഫാന്റിനോയും ഖത്തര്‍ അമീറായ തമീം ബിന്‍ ഹമദ് അല്‍ താനിയും ഉള്‍പ്പെടെയുള്ളവര്‍ ട്രോഫി ദാന വേദിയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. ലോകകപ്പ് നല്‍കുന്നതിന് തൊട്ടുമുമ്പായി തമീം ബിന്‍ ഹമദ് അല്‍ താനിയാണ് മെസ്സിയെ പ്രത്യേക വസ്ത്രം ധരിപ്പിച്ച്‌ ആദരിച്ചത്. ആ മേല്‍ക്കുപ്പായം വെറുമൊരു കറുത്ത കോട്ടല്ല. മറിച്ച്‌ ഖത്തറിലെ രാജകുടുംബങ്ങള്‍, രാഷ്‌ട്രീയക്കാര്‍, മതപണ്ഡിതന്മാര്‍, സമ്പന്നരായ വ്യക്തികള്‍ എന്നിവര്‍ പ്രത്യേക ചടങ്ങുകളിലും സാഹചര്യങ്ങളിലും മാത്രം അണിയുന്ന ഖത്തരി ബിഷ് ത് ആണത്.

സമൂഹത്തിലെ ഏറ്റവും ഉന്നതര്‍ മാത്രം അപൂര്‍വ്വ സാഹചര്യങ്ങളില്‍ ധരിക്കുന്ന ഒന്ന്. ലോകകപ്പ് സമാപന ചടങ്ങ് പോലെ സമ്പന്നമായ ഒരു പരിപാടിയില്‍ ബിഷ് തിനേക്കാള്‍ ഉപരിയായി മറ്റൊരു വസ്ത്രവും ആദരിക്കുന്നതിനായി തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നാണ് ഖത്തര്‍ വിശ്വാസിക്കുന്നത്.

36 വര്‍ഷത്തെ ദാഹം തീര്‍ത്തുകൊണ്ട് അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ മെസ്സിയെന്ന അതികായനെ അണിയിക്കാന്‍ ബിഷ് ത് തന്നെയാണ് ഏറ്റവും അനുയോജ്യമെന്ന് ഖത്തറിലെ അധികാരികള്‍ തിരിച്ചറിയുകയും അതിൻ്റെ ഭാഗമായി മിശിഹായെ ബിഷ്ത് ധരിപ്പിച്ച്‌ ആദരിച്ചതിന് ശേഷം ട്രോഫി നല്‍കുകയുമായിരുന്നു.

0Shares