
കാഞ്ഞങ്ങാട്: കേരള കർഷകസംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് മാർച്ച്. കർഷക വഞ്ചന ബഡ്ജറ്റ് അവസാനിപ്പിക്കുക, മോഡി സർക്കാറിൻ്റെ കർഷക വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ വേട്ടയാടൽ അവസാനിപ്പിക്കുക, വന്യമൃഗ ശല്യം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ സമരത്തിൽ ഉയർന്നു. കേരള കർഷക സംഘം ജില്ലാ സെക്രട്ടറി പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് മുൻ. എം.എൽ.എ കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി രാമചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡണ്ട് എ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിലും മാർച്ചിലും നിരവധി പ്രവർത്തകർ പങ്കെടുത്തു.

