
പലരും കേരളത്തില്‍ നടക്കില്ല എന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാര്‍ത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ജാഥയുടെ സമാപനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ജനങ്ങളാണ് നേട്ടങ്ങളുടെ യഥാർത്ഥ അവകാശികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തടസങ്ങൾ സൃഷ്ടിക്കാൻ നിന്നവർക്ക് തെറ്റ് പറ്റിയെന്നും പഴയ സർക്കാരല്ല ഇതെന്ന് അവർക്ക് ബോധ്യമായെന്നും പിണറായി കൂട്ടിച്ചേർത്തു. ചെയ്യാൻ പറ്റുന്നതേ പറയൂ എന്നും പറഞ്ഞാൽ അത് ചെയ്തിരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി എൽ.ഡി.എഫിന്‍റെ അടിത്തറ വിപുലമാണെന്ന് അവകാശപ്പെട്ടു.
കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ പിണറായി ഇതറിഞ്ഞപ്പോൾ ഒരു നിമിഷം പോലും സർക്കാർ സ്തംഭിച്ച് നിന്നില്ലെന്നും വ്യക്തമാക്കി. കോൺഗ്രസാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂല നിലപാടെടുത്തത്.അതേപോലെ തന്നെ, മാധ്യമ പ്രവർത്തകയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു എന്ന എൻ പ്രശാന്ത് ഐ.എ.എസിനെതിരായ പരാതി അന്വേഷിക്കുമെന്നും പിണറായി വ്യക്തമാക്കി.
