
മഞ്ചേശ്വരം(കാസറഗോഡ്): മഞ്ചേശ്വരം തുമിനാട് കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ദാരുണ സംഭവത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. പിതാവിൻ്റെ കൊലക്കത്തിക്ക് ഇരയായി 18 വയസ്സുകാരി മകൾ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായി പരിക്കേറ്റ ബന്ധുവും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. തുമിനാട് സ്വദേശി ഷേഖ് അബ്ബ എന്നറിയപ്പെടുന്ന ഷേക്കുഞ്ഞിയാണ് മരണപ്പെട്ടത്. 58 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ദിവസം 18 കാരി മറിയമ്മത്ത് ജുമൈലയാണ് വെട്ടേറ്റ് മരിച്ചത്. ജുമൈലയുടെ പിതാവ് ഉമ്മറിനെ സംഭവ ശേഷം പോലീസ് പിടികൂടിയിരുന്നു. ഇദ്ദേഹം ലഹരിക്ക് അടിമയാണെന്നും പറയപ്പെടുന്നു.
എന്നാൽ കൃത്യം നടത്തുമ്പോൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മരണപ്പെട്ട ഷേഖ് അബ്ബ ഉമ്മറിൻ്റെ ഭാര്യ സഹോദരിയുടെ ഭർത്താവാണ്. ഇവർ തമ്മിലുള്ള വാക്കുതർക്കം തടയാനായിരുന്നു മകൾ ശ്രമിച്ചത് എന്നും പറയുന്നു. അതിനിടെ ഉമ്മർ കത്തി എടുത്ത് കുത്തി. മകൾ ചോര വാർന്നാണ് മരണപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധു ഷേഖ് അബ്ബ ചൊവ്വാഴ്ച്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. അതി ദാരുണ സംഭവം മഞ്ചേശ്വരത്ത് ആകെ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. തീരാ ദുഃഖത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
