
സംവിധായകൻ മേജർ രവി കോൺഗ്രസ്സിൽ ചേർന്നു. കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിൽ നടക്കുന്ന യോഗത്തിൽ മേജർ രവി പങ്കെടുത്തു. കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷനുമായി മേജർ രവി ആലുവയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻറെ ചിത്രങ്ങൾ കെ.പി.സി.സി അധ്യക്ഷൻ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.നേരത്തെ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മേജർ രവി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു.

പക്ഷേ, പിന്നീട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മേജർ രവി രംഗത്തെത്തി. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാൻ പോലും വിളിച്ചില്ലെന്നും മേജർ രവി പറഞ്ഞിരുന്നു.
ഇവിടത്തെ നേതാക്കന്മാർക്ക് മസിൽ പിടിച്ചു നടക്കാൻ മാത്രം കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാർഗം ആക്കിയിരിക്കുന്നവരാണ് ബി.ജെ.പി നേതാക്കൾ എന്നും മേജർ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവർ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാൻ ആണ് ഇവർ ശ്രമിക്കുന്നതെന്നും മേജർ രവി പറഞ്ഞു.
