Categories
news

രാജ്യത്തെ ടെലകോം ബില്ലില്‍ വന്‍ മാറ്റങ്ങള്‍; ഇന്റര്‍നെറ്റ് മേഖലയില്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ

വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിളി നടത്തുന്നുണ്ടെങ്കില്‍ അവയൊക്കെ നിയമത്തിൻ്റെ പരിധിയില്‍ വരണം എന്നാണ് സർക്കാറിൻ്റെ നിലപാട്

രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയില്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രമെന്നു സൂചന. സന്ദേശക്കൈമാറ്റവും ഫോണ്‍ കോളുകളും നടത്താവുന്ന ഓവര്‍ ദ ടോപ് (ഒ.ടി.ടി) സേവനങ്ങള്‍ക്ക് ഇന്ത്യ ലൈസന്‍സ് ഏര്‍പ്പെടുത്തിയേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട്.

കേന്ദ്ര ഐടി മന്ത്രാലയം താമസിക്കാതെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ടെലികമ്യൂണിക്കേഷന്‍സ് ബില്‍ 2022ല്‍ ആണ് പുതിയ മാറ്റങ്ങള്‍ വരിക. ബില്ലിൻ്റെ കരടു രൂപത്തില്‍ ആണ് ഇത്തരം പരാമര്‍ശം ഉള്ളത്. ടെലികമ്യൂണിക്കേഷന്‍ സര്‍വീസോ, ടെലികമ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്കോ നടത്തുന്ന കമ്പനി അതിന് ലൈസന്‍സ് സമ്പാദിച്ചിരിക്കണം എന്നാണ് പറയുന്നത്.

ബിൽ പാസായാൽ ആപ്പുകള്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്നവരും കോള്‍ നടത്തുന്നവരും ഒക്കെ കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) ഫോം സമര്‍പ്പിക്കേണ്ടതായി വന്നേക്കാം. ടെലകോം കമ്പനികള്‍ വര്‍ഷങ്ങളായി ഉയര്‍ത്തി വന്ന ഒരു പ്രശ്‌നത്തിനായിരിക്കും ഇതോടെ പരിഹാരമാകുക-തങ്ങള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്നു. അതേസമയം, ഒരു വിവരവും നല്‍കാതെ വാട്‌സാപ് പോലെയുളള സംവിധാനങ്ങള്‍ വഴി ഉപയോക്താക്കള്‍ക്ക് യഥേഷ്ടം കോളുകള്‍ നടത്തുകയും സന്ദേശം കൈമാറുകയും ചെയ്യാം. അതിനൊരു മാറ്റം വരുത്തണം എന്നാണ് ടെലോകം കമ്പനികള്‍ ആവശ്യപ്പെട്ടു വന്നത്.

ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കള്‍ എന്നതിൻ്റെ നിര്‍വചനം വിപുലപ്പെടുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. തന്നെ ആരാണ് വിളിക്കുന്നത് എന്ന് അറിയാനുള്ള അവകാശം നല്‍കുകയാണ് ഓരോ ആള്‍ക്കും എന്നാണ് മന്ത്രി പറയുന്നത്. കെ.വൈ.സി വാങ്ങിക്കുന്നതിനാല്‍ നടത്തുന്ന കോളുകളെക്കുറിച്ചും, സന്ദേശത്തെക്കുറിച്ചും മുമ്പു സാധ്യമായിരുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സർക്കാറിനും അറിയാനായേക്കും.

വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിളി നടത്തുന്നുണ്ടെങ്കില്‍ അവയൊക്കെ നിയമത്തിൻ്റെ പരിധിയില്‍ വരണം എന്നാണ് സർക്കാറിൻ്റെ നിലപാട്. അടുത്ത ഒന്നര രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ കോള്‍-സന്ദേശക്കൈമാറ്റ രീതിക്ക് സമ്പൂര്‍ണ മാറ്റം വരുമെന്ന സൂചനയാണ് മന്ത്രി വൈഷ്ണവ് നല്‍കിയത്. പുനര്‍രൂപീകരണമാണ് സർക്കാറിൻ്റെ ലക്ഷ്യം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest