
ഫ്ലോറിഡ: കോണ്‍ടാക്‌റ്റ് ലെന്‍സ് വച്ചുറങ്ങിയ യുവാവിന് കാഴ്‌ച നഷ്‌ടമായി. യു.എസിലെ ഫ്ലോറിഡയില്‍ മൈക്ക് ക്രംഹോള്‍സ് എന്ന 21കാരനാണ് കാഴ്‌ച നഷ്ടമായത്. ഉറങ്ങാന്‍ നേരം ലെന്‍സ് മാറ്റിവെക്കാന്‍ മറന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ണുകള്‍ ചുവന്നിരുന്നു. തുടര്‍ന്ന് അഞ്ച് നേത്രരോഗ വിദഗ്‌ധരെയും രണ്ട് കോര്‍ണിയ സ്‌പെഷലിസ്റ്റിനെയും കണ്ടു. പിന്നീടാണ് രോഗം സ്ഥിരീകരിച്ചത്.

കോണ്‍ടാക്‌റ്റ് ലെന്‍സ് വച്ചുറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂര്‍വയിനം പാരസൈറ്റ് മൂലമാണ് കാഴ്‌ച നഷ്ടമായത്. അകന്തമെബ കെരറ്റിറ്റിസ് എന്ന രോഗാവസ്ഥയാണിത്. ലെന്‍സ് ഉപയോഗിക്കാന്‍ തുടങ്ങി ഏഴുവര്‍ഷത്തിനിടയില്‍ മൈക്കിന് കണ്ണില്‍ അണുബാധയുണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ ഗുരുതരമായെന്നും യുവാവ് പറഞ്ഞു.
അകന്തമെബ കെരറ്റിറ്റിസ് ബാധിച്ചാല്‍ പൂര്‍ണ്ണമായും കാഴ്‌ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ 50 ശതമാനം കാഴ്‌ച ശക്തി മൈക്കിന് തിരികെ ലഭിച്ചേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
